അഞ്ചൽ: ഉത്സവം പ്രമാണിച്ച് ബന്ധുവീട്ടിൽ വിരുന്നിനെത്തിയവരുടെ സ്വർണവും പണവും മോഷണം പോയി. ഇടയം രജിഭവനിൽ ചന്ദ്രബോസിന്റെ വസതിയിലെത്തിയ തിരുവനന്തപുരം സ്വദേശികളുടെ അഞ്ച് പവൻ സ്വർണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് കളവ് പോയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുകൾ നിലയിലെ കിടപ്പുമുറിയിൽ ബാഗുകളിൽ സൂക്ഷിച്ചിരുന്നതാണ് സ്വർണവും പണവും. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും അടങ്ങിയ ബാഗ് കാണാതായ വിവരം മനസിലായത്. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഇsയം ജംഗ്ഷനിൽ നിന്ന് രണ്ട് ബാഗുകൾ കണ്ടെത്തുകയുണ്ടായി. ബാഗിനുള്ളിൽ പണമോ സ്വർണമോ ഇല്ലെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. ഡോഗ് സ്ക്വോഡ്,ഫിംഗർപ്രിന്റ് വിഭാഗം എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ്, സ്ഥലത്തെ സി.സി.ടി.വി കാമറകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടുള്ള അന്വേഷണം ആരംഭിച്ചു. ഏതാനും മാസം മുമ്പ് ഇടയത്ത് മറ്റൊരു വീട്ടിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.