കൊല്ലം: വേദങ്ങളും ഉപനിഷത്തുകളും മതഗ്രന്ഥങ്ങളും വായിച്ചശേഷം വിജ്ഞാനത്തിന്റെ ശകലങ്ങൾ എഴുതി പ്രചരിപ്പിച്ചാൽ അന്നമില്ലാതിരിക്കുന്നവന് അന്നം കിട്ടില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ പറഞ്ഞു. ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാസമിതിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറിയിൽ നടന്ന മതസൗഹാർദ്ദ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാതെ അഭിമുഖീകരിക്കുന്ന അവസരത്തിൽ തന്നെ പരോപകാരപ്രദമായ ജീവിതം നയിക്കാൻ സാധിച്ചാൽ ആത്മനിർവൃതി നേടാനാകും. ശ്രീനാരായണഗുരുവനെ പോലുള്ള ചുരുക്കം ചിലർക്ക് മാത്രമേ മറ്റുള്ളവരെ ഉപദേശിക്കാനും തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും കഴിഞ്ഞിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാസമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കർമ്മലറാണി ട്രെയിനിംഗ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോസഫ് ജോൺ, ആചാര്യൻ സി.എച്ച്.മുസ്തഫ മൗലവി, സേവാശ്രമം ആചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദൻ, ഹംസധ്വനി മാസിക ഉപദേശ സമിതി അംഗം എസ്.സുവർണകുമാർ, ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലം ആചാര്യസുചിരാമയീദേവി എന്നിവർ സംസാരിച്ചു.

സേവാസമിതി ജനറൽ സെക്രട്ടറി പ്രണവാനന്ദ സ്വാഗതവും ശ്രീനാരായണ ഗുരുകുലത്തിലെ ആത്മാനന്ദമയീദേവി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ ഉച്ചയ്ക്ക് 1.50ന് പഠനക്ലാസും സംഘടിപ്പിച്ചു.