
കൊല്ലം: ചവറയുടെ വികസന നായകന്‍, ചവറയുടെ പൊന്നോമന പുത്രന്‍, ചവറയുടെ എല്ലാമെല്ലാമായ എൻ.കെ.പ്രേമചന്ദ്രൻ ഇതാ ഈ വാഹനത്തിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നു.... പ്രകമ്പനം കൊള്ളിക്കുന്ന അനൗൺസ്മെന്റ് വാഹനം കടന്നുവന്നപ്പോൾ പ്രവർത്തകരും സമ്മതിദായകരും മാത്രമല്ല, കൊച്ചുകുട്ടികൾ വരെ സ്വീകരണ കേന്ദ്രത്തിലേക്ക് ഓടിയെത്തി.
ചവറ മണ്ഡലത്തിലായിരുന്നു കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ ഇന്നലത്തെ പര്യടനം. അലങ്കരിച്ച വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ചിരപരിചിതരായ വോട്ടർമാരോടും തന്നെ കാണാനെത്തിയ മറ്റുള്ളവരോടും സൗഹൃദച്ചിരിയിൽ കൈകൂപ്പിയായിരുന്നു വോട്ടഭ്യർത്ഥന.തുടർന്ന് ഹ്രസ്വമായ പ്രസംഗം. ചവറയിലെ ജനങ്ങളുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഊഷ്മള ബന്ധം ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ജനങ്ങൾ ആകാംഷയോടെ കേട്ടു. യാത്രയിലുടനീളം ചവറയിലെ വോട്ടർമാരുടെ സ്നേഹം ഏറ്റുവാങ്ങി. കൊടിയ ചൂടും പോലും അവഗണിച്ച് കാത്തുനിന്ന നാട്ടുകാർ ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പ്രസംഗത്തിനു ശേഷം എല്ലാവർക്കും അഭിവാദ്യമർപ്പിച്ച് സ്ഥാനാർത്ഥി യാത്രയായി.
ഏകദേശം 135ൽപ്പരം സ്വീകരണ പോന്റുകളാണ് മുൻകൂട്ടി നിശ്ചയിച്ചിരുന്നതെങ്കിലും ഇതിലും കൂടുതൽ പോയിന്റുകളിലേക്ക് പ്രവർത്തകരുടെ നിർബന്ധം കാരണം സ്ഥാനാർത്ഥിക്ക് പോകേണ്ടിവന്നു.
കോലത്ത് വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, നൗഷാദ് യൂനുസ്, സൂരജ് രവി, അഡ്വ. ജസ്റ്റിൻ ജോൺ, മോനച്ചൻ തെക്കുംഭാഗം, പി.ജെർമ്മിയാസ് തുടങ്ങിയവർ പങ്കെടുത്തു.