കൊല്ലം: സ്‌കൂളുകൾ അടച്ചതോടെ ഇനിയുള്ള രണ്ട് മാസം കുട്ടികൾക്ക് വിനോദങ്ങളുടെ കാലം കൂടിയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വേനൽച്ചൂട് രൂക്ഷമായത് രക്ഷിതാക്കളെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.
ക്രിക്കറ്റും ഫുട്‌ബാളും വോളിബാളും നീന്തലും ഉൾപ്പെടെ അവധിക്കാലം ആഘോഷമാക്കുമ്പോൾ ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നു. വേനൽക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാനും ആഘോഷങ്ങൾ സുരക്ഷിതമാക്കാനും നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
പ്രധാന നിർദ്ദേശങ്ങൾ 
 ഉയർന്ന അന്തരീക്ഷ താപനില കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ, ജലാശയ അപകടങ്ങൾ,
പടക്കങ്ങൾ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങൾ എന്നിവ ശ്രദ്ധിക്കണം
 മുൻ വർഷങ്ങളിൽ കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ, കല്ലടയാർ, പള്ളിക്കലാർ, ശാസ്താംകോട്ട തടാകം, കൊല്ലം, അഴീക്കൽ, പരവൂർ പൊഴിക്കര ബീച്ചുകൾ, ഉപേക്ഷിച്ച പാറ ക്വാറികളിലെ കുളങ്ങൾ എന്നിവിടങ്ങളിൽ മുങ്ങിമരിച്ചതിലധികവും കുട്ടികളാണ്
 ബന്ധുവീടുകളിലും ടൂർ പോകുമ്പോഴും നീന്തൽ വശമുണ്ടെങ്കിലും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്. നീന്തൽ അറിയാവുന്ന മുതിർന്നവരുടെ മേൽനോട്ടത്തിലേ ഇറങ്ങാവൂ
 കുട്ടികൾ കൂട്ടമായി നീന്തുമ്പോൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക. വെള്ളത്തിൽ അകപ്പെട്ടാൽ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടാതെ കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുക്കുക
 ബോട്ടിംഗ്, കയാക്കിംഗ് വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കുക
 കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകേണ്ടിവരുന്ന അവസരങ്ങളിലും അപരിചിത ഇടങ്ങളിലും ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം
 രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയത്ത് വെയിലത്തുള്ള കളികൾ ഒഴിവാക്കുക
 വെയിലുള്ള സമയത്ത് പുറത്തുപോകേണ്ടിവന്നാൽ തൊപ്പിയോ കുടയോ ഉപയോഗിക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പാദരക്ഷകൾ ഉപയോഗിക്കുക. സൺ സ്‌ക്രീൻ ലോഷനുകൾ, സൺ ഗ്ലാസ് എന്നിവയുടെ ഉപയോഗവും ചൂടിനെ പ്രതിരോധിക്കും