കൊല്ലം: 26ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് സജ്ജമാകാനൊരുങ്ങി ജില്ല. നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) വിതരണം ഇന്നലെ ആരംഭിച്ചതായി ജില്ലാ കളക്ടർ എൻ.ദേവിദാസ്അറിയിച്ചു.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി ആകെ 2336 ഇ.വി.എം മെഷീനുകളാണ് നൽകിയത്. ഒരു ഇ.വി.എം യൂണിറ്റിൽ കൺട്രോൾ യൂണിറ്റ് (സി.യു.), ബാലറ്റ് യൂണിറ്റ് (ബി.യു) വിവിപാറ്റ് എന്നിവയാണ് ഉണ്ടാവുക. കരുനാഗപ്പള്ളി -218, ചവറ -198, കുന്നത്തൂർ -238, കൊട്ടാരക്കര-223, പത്തനാപുരം-202, പുനലൂർ-235, ചടയമംഗലം-224, കുണ്ടറ-222, കൊല്ലം-196, ഇരവിപുരം-190, ചാത്തന്നൂർ-190 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളിലേക്കായി വിതരണം ചെയ്ത ഇ.വി.എം യൂണിറ്റുകളുടെ എണ്ണം.
ഓരോ മണ്ഡലത്തിലെയും ആവശ്യകത കണക്കാക്കി അടിയന്തരസാഹചര്യത്തിൽ ഉപയോഗിക്കുന്നതിനുള്ള നിശ്ചിത എണ്ണം വി.വിപാറ്റുകൾ മുൻകരുതലെന്ന നിലയ്ക്ക് നൽകിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.