കുണ്ടറ: ജല അതോറിട്ടി കുണ്ടറ സെക്ഷൻ പരിധിയിൽ ജല ചൂഷണം, പൊതു പൈപ്പിന്റെ ദുരുപയോഗം എന്നിവ കണ്ടെത്തി പിഴ ഈടാക്കുന്നതിന് ആന്റി വാട്ടർ തെഫ്റ്റ് സ്കോഡ് പരിശോധന തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള നിരവധി ജല ദുരുപയോഗം സ്കോഡ് പിടികൂടി. ഗാർഹിക കണക്ഷനിൽ നിന്ന് കെട്ടിട നിർമ്മാണത്തിനും വ്യാവസായിക ആവശ്യത്തിനും ജലം ഉപയോഗിച്ചവർ, പൊതു ടാപ്പ് ദുരുപയോഗം ചെയ്തവർ, വിച്ഛേദിച്ച കണക്ഷൻ അനുമതിയില്ലാതെ പുനസ്ഥാപിച്ച് ജലമോഷണം നടത്തിയവർ തുടങ്ങി വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി പിഴ ചുമത്തി. കടുത്ത വരൾച്ചയിൽ ജലവിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അറിയിപ്പ് നൽകിയിട്ടും കേടായ വാട്ടർ മീറ്ററുകൾ മാറ്റി സ്ഥാപിക്കാത്തതും, വെള്ളക്കര കുടിശിക ഒടുക്കാത്തതുമായ ഉപഭോക്താക്കളുടെ വാട്ടർ കണക്ഷനുകളും കണ്ടെത്തി നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും സ്കോഡ് പരിശോധന തുടരുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.