
കൊല്ലം: ആൽത്തറമൂട് ജംഗ്ഷനിൽ കെ ഫോണിന്റെ കേബിൾ പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. കൃത്യസമയത്ത് തന്നെ നാട്ടുകാർ ഇടപെട്ടതുകൊണ്ട് അപകടം ഒഴിവായി. സംഭവം നടന്നയുടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ കെ ഫോണിന്റെ തിരുവനന്തപുരം ഓഫീസിൽ ബന്ധപ്പെട്ട് ദൃശ്യങ്ങൾ സഹിതം അയച്ച് നൽകി അപകടാവസ്ഥ അറിയിച്ചെങ്കിലും ഗൗരവമായി എടുത്തില്ലെന്ന് പരാതി.
ഇന്നലെ ഉച്ചയ്ക്ക് 1.15ന് വാടിയിൽ നിന്ന് അമ്മച്ചിവീട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നനർ ലോറിയിൽ ഉടക്കിയാണ് കേബിൾ പൊട്ടിയത്. താഴ്ന്ന കേബിൾ തൊട്ടുപിന്നാലെ വന്ന സ്വകാര്യ ബസിന്റെ മുകളിൽ ഉടക്കി റോഡിലേക്ക് കൂടുതൽ താഴ്ന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിച്ചതിനാലാണ് അപകടങ്ങൾ ഒഴിവായത്. പക്ഷെ ജംഗ്ഷനിലെ മൂന്ന് ഭാഗത്തേക്കുള്ള റോഡുകളിലെ ഗതാഗതം താറുമാറായി. ബസുകൾ ഉൾപ്പെടെയുള്ളവ കുരുക്കിൽപ്പെട്ടു. ചില ബസുകൾ വഴി തിരിഞ്ഞു പോയി. സ്ഥലത്തെത്തിയ വെസ്റ്റ് പൊലീസ് കെ ഫോൺ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഗുണമുണ്ടായില്ല. ഇതിനിടയിൽ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ കേബിൾ മുറിച്ചുനീക്കുകയായിരുന്നു. കേബിൾ മുറിക്കുന്നതിനിടയിൽ ഇതുവഴി കടന്നുപോയ ഒരു മിനി ബസിലും സ്വകാര്യ ബസിലും കേബിൾ കുരുങ്ങിയെങ്കിലും കെ.എസ്.ഇ.ബി ജീവനക്കാർ നീക്കം ചെയ്തു.
സംഭവം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് കെ ഫോൺ അധികൃതർ സ്ഥലത്തെത്തിയത്. ഏതാനും ദിവസം മുമ്പ് തഴവയിൽ ലോറിയിൽ ഉടക്കി പൊട്ടി വീണ കേബിളിൽ കുരുങ്ങി സ്‌കൂട്ടർ യാത്രയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.