kunnathoor
മൈനാഗപ്പള്ളിയിൽ റെയിൽവേ ലൈൻ വികസന സൈറ്റിലേക്ക് അമിത ലോഡുകളുമായി വന്ന വാഹനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദിന്റെ നേതൃത്വത്തിൽ തടഞ്ഞിട്ടിരിക്കുന്നു

കുന്നത്തൂർ: റെയിൽവേ ലൈൻ വികസന വർക്കിലേക്ക് അമിത ലോഡുമായി വന്ന വാഹനങ്ങൾ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അധികൃതർ തടഞ്ഞ് സർവീസ് നിറുത്തിവച്ചു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ വേങ്ങ ഇളയപ്പൻ ക്ഷേത്രത്തിന്റെയും കാവൽപ്പുര ജംഗ്ഷന്റെയും വഴി കടന്നു പോകുന്ന റെയിൽവേ ലൈനിന്റെ സൈഡുകൾ മണ്ണിട്ട് വീതി കൂട്ടുന്ന പ്രവർത്തനം നടന്നുവരികയാണ്. റോഡിന് താങ്ങാൻ കഴിയാത്ത കപ്പാസിറ്റിയുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിനാൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് റോഡ് പൂർണമായി തകർന്നു. കാൽനട യാത്ര പോലും അസാദ്യമായത് പ്രദേശവാസികൾക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഈ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദും വാർഡ് മെമ്പർ ബിജികുമാരിയും പ്രദേശവാസികളും ഇടപെട്ട് ഭാര വാഹനങ്ങൾ കടന്നു പോകുന്നതും നിർമ്മാണ പ്രവർത്തനവും നിറുത്തി വയ്പ്പിക്കുകയായിരുന്നു.

തകർന്ന റോഡ് നന്നാക്കും

ചർച്ചയെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ഫസീല ബീവി സ്ഥലത്തെത്തുകയും എസ്റ്റിമേറ്റ് പ്രകാരമുള്ള 2 ലക്ഷത്തോളം രൂപയുടെ ചെക്കും കരാർ പത്രവും പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പറെ ഏൽപ്പിക്കുകയും ചെയ്തു. പണി പൂർത്തീകരിച്ചാൽ ഉടൻ തന്നെ തകർന്ന റോഡ് നന്നാക്കി തരാമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഏൽപ്പിക്കുന്ന ഫണ്ട് ഉപയോഗിച്ച് പണി പൂർത്തികരിക്കാമെന്നുമുള്ള കരാർ പ്രകാരം ചർച്ച ചെയ്ത് പ്രശ്നം അവസാനിപ്പിക്കുകയും വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.