കൊട്ടാരക്കര: വാഹനാപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ട കാലുകളുമായി കടത്തിണ്ണയിൽ കാണപ്പെട്ട വൃദ്ധന് കലയപുരം ആശ്രയ സങ്കേതം തണലേകി. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ സുബ്രഹ്മണ്യൻ എന്ന രാജുവിനെയാണ്(63) കൊട്ടാരക്കര പബ്ളിക് മാർക്കറ്റിൽ നിന്ന് ആശ്രയ പ്രവർത്തകർ ഏറ്റെടുത്തത് .1974ൽ തന്റെ 14-ാം വയസിലാണ് സുബ്രഹ്മണ്യൻ കൊട്ടാരക്കരയിൽ എത്തുന്നത്.മാർക്കറ്റിനുള്ളിലെ ഒരു ചെറിയ മുറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാൻ സുബ്രഹ്മണ്യൻ രണ്ടു തവണ തമിഴാനാട്ടിലേക്കു പോയെങ്കിലും തിരികെ പോന്നു. രണ്ടുമാസം മുമ്പ് ചെങ്കോട്ടയിൽ വച്ച് ഒരു വാഹനാപകടത്തിൽ സുബ്രഹ്മണ്യന്റെ വലതുകാലിനു സാരമായി പരിക്കേറ്റു. കാലിൽ കമ്പിയിട്ടിരിക്കുന്നതിനാൽ പരസഹായം കൂടാതെ നടക്കാനാകാതെ കൊട്ടാരക്കര മാർക്കറ്റിലെ കടത്തിണ്ണയിൽ കഴിയുകയായിരുന്നു. സുബ്രഹ്മണ്യന്റെ ദുരിത ജീവിത കഥയറിഞ്ഞ വ്യാപാരികളും പൊതു പ്രവത്തകരും ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിനെ വിവരമറിയിച്ചു. തുടർന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, കൗൺസില‌ർ ഫൈസൽ ബഷീർ, മുൻ മെമ്പർ ബാബു സുൾഫിക്കർ,ചെല്ലപ്പൻപിള്ള തുടങ്ങിയവർ ചേർന്നാണ് സുബ്രഹ്മണ്യനെ കലയപുരം ആശ്രയയിൽ എത്തിച്ചത്.