
തൊടിയൂർ: നട്ടെല്ല് തകർന്ന് ഇരുപത്തെട്ട് വർഷം ദുരിതജീവിതം നയിച്ച തൊടിയൂർ ഇടകക്കുളങ്ങര തോട്ടുകര ക്ഷേത്രത്തിന് സമീപം അനുഭവനത്തിൽ (ആറ്റുപുറത്ത്) വിജയൻ (49) വിടവാങ്ങി. ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.
1996ൽ പുതുവത്സര ദിനത്തിലായിരുന്നു കൂലിപ്പണിക്കാരനായ വിജയന്റെ ജീവിതം കശക്കിയെറിഞ്ഞ ദുരന്തം സംഭവിച്ചത്. പെട്രോൾ പമ്പിന്റെ പണിയിൽ ഏർപ്പെട്ടിരിക്കവെ വിജയന്റെ തലയിലേക്ക് ജോലിക്കിടെ നാലുപേർ ചേർന്ന് സാമാന്യത്തിലധികം വലുപ്പമുള്ള പാറക്കല്ല് പൊക്കി വച്ചതിനെത്തുടർന്നാണ് നട്ടെല്ല് തകർന്നത്.
ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ, ആയുർവേദ കോളേജുകൾ, മറ്റു നിരവധി ചികിത്സാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നീണ്ട 28 വർഷക്കാലം ഒരേ കിടപ്പായിരുന്നു. അഞ്ചു വർഷം മുമ്പ് രണ്ടു കണ്ണുകളിലും തിമിരം ബാധിച്ച് കാഴ്ച പൂർണമായി നഷ്ടപ്പെട്ടെങ്കിലും ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് കാഴ്ച തിരിച്ചുകിട്ടിയിരുന്നു. കൊല്ലം വർക്ക്മെൻ കോമ്പൻസേക്ഷൻ കോടതിയിൽ വിജയൻ ഫയൽ ചെയ്ത കേസിനെ തുടർന്ന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു.
സഹോദര ഭാര്യയായ അർച്ചനയായിരുന്നു കഴിഞ്ഞ 20 വർഷമായി വിജയനെ പരിചരിച്ചത്.
ഒന്നിലേറെ പ്രാവശ്യം വിജയന്റെ ദുരന്തകഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സമർപ്പണം ചാരിറ്റബിൾ സൊസൈറ്റി, ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് കെയർ എന്നീ സംഘടനകളും ചില സുമനസുകളും വിജയന് സഹായ ഹസ്തവുമായി എത്തിയിരുന്നു.