കൊല്ലം: ജില്ലയിൽ റേഷൻ മസ്റ്ററിംഗ് നടത്താനുള്ള 13.08 ലക്ഷം പേരിൽ ഇതുവരെ നടപടികൾ പൂർത്തിയാക്കിയത് 1.54 ലക്ഷം പേർ മാത്രം. മസ്റ്ററിംഗ് സമയം അവസാനിക്കാനിരിക്കെ 11.53 ലക്ഷം പേരാണ് സർവർ തകരാർ മൂലം പുറത്തുനിൽക്കുന്നത്.
മാർച്ച് 31 ആയിരുന്നു മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള അവസാന തീയതിയെങ്കിലും സെർവർ വിഷയം മൂലം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. ഇ - കെ.വൈ.സി (ഉപഭോക്താവിനെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന രേഖ) സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ മുൻഗണന പട്ടികയിലുള്ള മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് സബ്‌സിഡി നൽകൽ, ഭക്ഷ്യധാന്യങ്ങളുടെ വിതരണം എന്നിവയെ ദോഷകരമായി ബാധിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ- കെ.വൈ.സി മസ്റ്ററിംഗ് നടത്താൻ സാധിക്കുകയുള്ളു. ഏത് റേഷൻ കടകയിലും ഇത് സാദ്ധ്യമാണ്.
ജില്ലയിൽ ഇതുവരെ 12 ശതമാനം പേർ മാത്രമാണ് മസ്റ്ററിംഗ് നടത്തിയത്. മാർച്ച് ആദ്യം മുതൽ റേഷൻ വിതരണത്തോടൊപ്പം തന്നെ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ അവസാന സമയമായപ്പോഴാണ് ആളുകൾ കൂടുതലായി എത്തിയതെന്ന് റേഷൻ കട ഉടമകൾ പറഞ്ഞു.
മസ്റ്റർ ചെയ്തത് 1.54 ലക്ഷം പേർ മാത്രം
മസ്റ്ററിംഗ് പൂർത്തിയാക്കിയ ജില്ലകളിൽ ആറാം സ്ഥാനത്താണ് കൊല്ലം
ആലപ്പുഴയാണ് ഒന്നാംസ്ഥാനത്ത്
ജില്ലയിൽ കൊല്ലം താലൂക്കിലാണ് ഏറ്റവും അധികം പേർ മസ്റ്ററിംഗ് നടത്തിയത്, 44,979 പേർ
കൊട്ടാരക്കരയാണ് രണ്ടാംസ്ഥാനത്ത്, 42,973 പേർ
പത്തനാപുരത്താണ് ഏറ്റവും കുറവ്, 15,505 പേർ
ജില്ല - 6-ാം സ്ഥാനത്ത്
ജില്ലയിലെ റേഷൻ കാർഡുകൾ: 794364
ഗുണഭോക്താക്കൾ: 2795838
മഞ്ഞകാർഡ് (മുൻഗണനാവിഭാഗം എ.എ.വൈ): 48130
ഗുണഭോക്താക്കൾ: 157381
പിങ്ക് കാർഡ് (മുൻഗണനാവിഭാഗം പി.എച്ച്.എച്ച്): 334186
ഗുണഭോക്താക്കൾ: 1150728
മസ്റ്ററിംഗ് ചെയ്യാനുള്ളവർ: 11,53,739
ചെയ്തവർ: 1,54,370
റേഷൻ മസ്റ്ററിംഗ് ചെയ്യാതിരിക്കാനാകില്ല. സർവറിന്റെ സംഭരണശേഷി ഉൾപ്പെടെ കൂട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാരിൽ നിന്ന് അറിയിപ്പ് വന്ന ശേഷമേ മസ്റ്ററിംഗ് പുനരാരംഭിക്കൂ.
ജില്ലാ സപ്ലൈ ഓഫീസർ