കൊല്ലം: 'ഇന്ത്യ' എന്ന് പറയുന്നത് ഒരു പാർട്ടി അല്ല, പ്രത്യേക അജണ്ടയുള്ള ആളുകളുടെ കൂട്ടമാണെന്നും അവസരവാദികളുടെ സഖ്യമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എൻ.ഡി.എ കൊല്ലം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ നാട് വികസിക്കും. മറ്രാർക്കെങ്കിലും വോട്ട് ചെയ്താൽ രാഹുൽ ഗാന്ധിയാകും വികസിക്കുന്നതെന്നും വികസനത്തിന് വേണ്ടി വോട്ട് ചെയ്യണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പലയിടത്തും കോൺഗ്രസും ഇടതുപക്ഷ കക്ഷികളും പരസ്പരം കൈകോർക്കുന്നു. കേരളത്തിൽ ഇക്കൂട്ടർ എതിർ കക്ഷികളായി മത്സരിക്കുന്നു. ഇത് അവസരവാദമാണ്. ദേശീയതലത്തിൽ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും ഒരേ അജണ്ടയാണ്. അവർ തമ്മിൽ ഒരു വ്യത്യാസവുമില്ല. നരേന്ദ്ര മോദിക്ക് കീഴിൽ ഇന്ത്യ ഏറെ മുന്നേറി. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി.

താൻ കഴിക്കുകയും ഇല്ല, കഴിപ്പിക്കുകയുമില്ല എന്ന രീതിയിലാണ് കഴിഞ്ഞ പത്തുവർഷമായി മോദി ഭരിക്കുന്നത്. അതായത് അഴിമതി നടത്തുകയുമില്ല, ആരെയും നടത്താൻ അനുവദിക്കുകയുമില്ല എന്നതായിരുന്നു പ്രധാന തീരുമാനം. അഴിമതി രഹിതമായ ഇന്ത്യയെയാണ് ഈ കാലയളവിൽ കാണാൻ കഴിഞ്ഞത്.

കോൺഗ്രസ് സർക്കാരിന് രാജ്യത്തെ ദാരിദ്ര്യം നിർമാർജ്ജനം ചെയ്യാൻ കഴിഞ്ഞില്ലെന്നും മോദി സർക്കാരിന് അതിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. കൊല്ലം ലോക് സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പച്ചയിൽ സന്ദീപ്, അഡ്വ.പേരൂർക്കട ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.