 
കരുനാഗപ്പള്ളി: മാലുമേൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ സംഘർഷത്തിൽ എസ്.ഐക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് നാലു പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. തൊടിയൂർ വേങ്ങറ വിനീഷ് ഭവനത്തിൽ വിനീഷ് ( 24), ചുണ്ടാന തെക്കതിൽ രെജു ( 20 ), പുത്തൻവീട്ടിൽ പ്രവഞ്ച്( 20), വടക്കുന്തല കൊല്ലക ആര്യഭവനത്തിൽ അഭിജിത്ത് ( 25)എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മാലുമേൽ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയിൽ ചെണ്ടമേളം നടത്തുവാൻ വന്നവരെ ആക്രമിച്ച പ്രതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വിരോധത്താൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ കലാധരൻപിള്ളയെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം കടന്നു കളഞ്ഞ പ്രതികളെ ഉടൻതന്നെ പിടികൂടി. പരിക്കേറ്റ എസ്.ഐ ചികിത്സയിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഐ.എസ്. എച്ച്.ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു, ഷാജിമോൻ, റഹീം,എസ്.സി.പി.ഓ മാരായ ഹാഷിം ,രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.