കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ശാഖാതലങ്ങളിലെ ‌ജ്ഞാനദാന യജ്ഞത്തിനും മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി ആചരണത്തിന്റെ ഭാഗമായുള്ള പഠന ക്ളാസുകൾക്കും തുടക്കമായി. ശ്രീനാരായണ ഗുരുദേവ ദർശനം സാധാരണക്കാരായ ശാഖ അംഗങ്ങളിലേക്ക് പ്രാപ്യമാക്കുകയാണ് ജ്ഞാനദാന യജ്ഞത്തിന്റെ ലക്ഷ്യം. മൈലോട്, കൈതയിൽ, പാണയം, കോഴിക്കോട് ശാഖകളെ സംയോജിപ്പിച്ചുകൊണ്ട് മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ധ്യാന യജ്ഞവും പഠനക്ളാസും യൂണിയൻ മുൻ സെക്രട്ടറി ജി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ദാർശനിക മാസിക ചീഫ് എഡിറ്റർ വിശ്വപ്രകാശം വിജയനാനന്ദൻ ക്ളാസ് നയിച്ചു. കട്ടയിൽ, ഓടനാവട്ടം ശാഖകൾക്കായി കട്ടയിൽ ശാഖാ മന്ദിരത്തിൽ സംഘടിപ്പിച്ച പഠന ക്ളാസ് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു.കട്ടയിൽ ശാഖ പ്രസിഡന്റ് ജി.സുരേന്ദ്രൻ അദ്ധ്യക്ഷനായി. സ്വാമി പ്രണവ സ്വരൂപാനന്ദ ക്ളാസ് നയിച്ചു. നെടുമൺകാവ്, വാക്കനാട് ശാഖകളുടെ പഠനക്ളാസ് വാക്കനാട് ശാഖാ മന്ദിരത്തിൽ യോഗം ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. ചെപ്ര-തുറവൂർ, വിലങ്ങറ ശാഖകളുടെ പഠനക്ളാസ് വിലങ്ങറ പൈങ്ങയിൽ കെ.ആർ.ഉറയമൺ ഓഡിറ്റോറിയത്തിൽ യോഗം നിയുക്ത ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ ഉദ്ഘാടനം ചെയ്തു ചെപ്ര തുറവൂർ ശാഖാസെക്രട്ടറി പി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വിശ്വപ്രകാശം വിജയാനന്ദൻ ക്ളാസ് നയിച്ചു. പുത്തൻവിള, പുതുശേരി, മോട്ടോർകുന്ന്, കരിങ്ങന്നൂർ ശാഖകളുടെ പഠനക്ളാസ് വെളിനല്ലൂർ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ടി.വി.മോഹനൻ അദ്ധ്യക്ഷനായി. സ്വാമി പ്രണവ സ്വരൂപാനന്ദ ക്ളാസ് നയിച്ചു. ഓയൂർ ടൗൺ ശാഖയുടെ പഠനക്ളാസ് ശാഖാ മന്ദിരത്തിൽ യൂണിയൻ കൗൺസിലർ ബൈജു പാണയം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എം.ചന്ദ്രികാധരൻ അദ്ധ്യക്ഷനായി. ആശാ പ്രദീപ് ക്ളാസ് നയിച്ചു. പരിപാടികൾക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ, യൂണിയൻ കൗൺസിലർമാർ, പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.