കൊല്ലം: കൊല്ലം പൂരം നടക്കുന്ന ആശ്രാമം മൈതാനത്ത് ഏതു സാഹചര്യത്തേയും നേരിടാൻ പര്യാപ്തമായ അടിയന്തിരഘട്ട കാര്യനിർവ്വഹണ കേന്ദ്രം പ്രവർത്തിപ്പിക്കുമെന്ന് കളക്ടർ എൻ. ദേവിദാസ് പറഞ്ഞു. ഇതിനായി പ്രത്യേകം ഇടമൊരുക്കാൻ പൂരം കമ്മിറ്റി ഭാരവാഹികൾക്ക് നിർദേശം നൽകി.

പവലിയൻ നിർമിക്കുന്നതിനൊപ്പം ദുരന്ത നിവാരണത്തിന്റെ ഭാഗമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കും സൗകര്യങ്ങൾ ഒരുക്കണം. സബ് കളക്ടർക്കാണ് മേൽനോട്ട ചുമതല. അടിയന്തര സാഹചര്യമുണ്ടായാൽ ഉടനടി സന്ദേശം കൈമാറാനുള്ള സംവിധാനമുണ്ടാകും. ഇവ കളക്ടറേറ്റി​ൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് കൈമാറി തുടർനടപടി കൈക്കൊള്ളും. 14, 15 തീയതികളിൽ പൂർണമായി പ്രവർത്തനം നടത്തും വിധമാണ് സജ്ജീകരണം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്സ് എന്നി​വർക്കൊപ്പം അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ട വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥന് ചുമതല നൽകും എന്നും അദ്ദേഹം അറിയിച്ചു.