ഓയൂർ: കെ.എസ്.ആർ.ടി.സി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് ടെമ്പോയുടെ ക്ലീനറായ യുവാവ് മരിച്ചു. പള്ളിക്കൽ മടവൂർ തുമ്പോട് വാറുവിള പുത്തൻവീട്ടിൽ മോഹനൻ പിള്ളയുടെ മകൻ നികേഷാണ് (33) മരിച്ചത്. ഡ്രൈവർ വട്ടപ്പാറ സ്വദേശി ഷിഹാറിന് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ രാവിലെ 7.45 ഓടെ ഓയൂർ ചെങ്കുളം പോസ്‌റ്റ്‌ ഓഫീസിന് സമീപമായിരുന്നു അപകടം. അഞ്ചലിൽ നിന്ന് കൊട്ടിയത്തേക്ക് പോയ ട്രാൻ. ബസും എതിർ ദിശയിൽ വന്ന ടെമ്പോയുമാണ് കൂട്ടിയിടിച്ചത്.

ഉടൻ തന്നെ ഇരുവരെയും മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും നികേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ട്രാൻ. ബസ് കണ്ടക്ടർ ലീനറാണിക്കും യാത്രക്കാരായ ഏഴ് പേർക്കും അപകടത്തിൽ പരിക്കേറ്റു.
മരിച്ച നികേഷ് പത്ത് വർഷമായി മോട്ടോർകുന്ന് സ്വദേശി അൻസാരിയുടെ ഉടമസ്ഥതയിലുള്ള കോണത്ത് ചിക്കൻ ഫാമിൽ ജോലി നോക്കിവരുകയായിരുന്നു. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.