കൊട്ടാരക്കര: സ്വന്തം വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. നെടുവത്തുർ പുതുവലിൽ പുത്തൻ വീട്ടിൽ അബ്ദുൽ അസീസിന്റെയും സൈനബ ബീവിയുടെയും മകൻ നിസാമുദ്ദീനാണ് (38) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
മുപ്പത് തൊടിയിലേറെ ആഴമുള്ള കിണറിൽ ഇറങ്ങിയ നിസാംമുദ്ദീന് ഒക്സിജന്റെ അഭാവം മൂലം ശ്വാസതടസം അനുഭവപ്പെട്ടു. കുട്ടുകാർ കിണറ്റിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്വാസം മുട്ടിയതിനാൽ തിരികെ കയറി. തുടർന്ന് കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് നിസാമുദ്ദീനെ പുറത്തെടുത്തത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഷഫ്ന. മകൻ: മുഹമ്മദ് സമീം.