mukesh

കൊല്ലം: ഓയൂരിന്റെ മനസറിഞ്ഞ് കൊല്ലം ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. കനത്ത ചൂടിലും രാവിലെ മുതൽ നൂറകണക്കിന് സ്ത്രീകളും കുട്ടികളുമാണ് വഴിയോരങ്ങളിൽ കാത്തുനിന്നത്. രാവിലെ 8.30ന് പനയറക്കുന്നിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.

തുടർന്ന് വെള്ളാവൂർ, വാളിയോട്, മത്തായിമുക്ക്, പാറയിൽ, അമ്പലംമുക്ക്, ചിറമുക്ക്, കോട്ടയ്ക്കവിള, കൊല്ലുകോണം, മഹിളാസമാജം ജംഗ്ഷൻ, അർക്കന്നൂർ വടക്കേഭാഗം, അലയമൺ, പുത്തയംവഴി കരുകോൺ പുല്ലാഞ്ഞിയോടിൽ സമാപിച്ചു. സ്ഥാനാർത്ഥിയെ നോട്ടുബുക്കുകളും പേനകളും പൂക്കളും നൽകിയാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് ശേഷമുള്ള പ്രചാരണം 3.30ന് ചണ്ണപ്പേട്ടയിൽ നിന്നാണ് ആരംഭിച്ചത്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ ലഭിക്കുന്ന ആവേശോജ്ജ്വല സ്വീകരണത്തോടെയാണ് കടയ്ക്കലിലും ഓയൂരിലും ചടയമംഗലത്തും സ്ഥാനാർത്ഥിയെ ജനങ്ങൾ നെഞ്ചേറ്റിയത്. വികസനത്തിന്റെ എന്തെങ്കിലുമൊരു കച്ചിത്തുരുമ്പ് എം.പിക്ക് കാണിച്ചുതരാൻ പറ്റുമോയെന്ന് വെല്ലുവിളിക്കുന്നതായും 1748 കോടി രൂപയുടെ വികസനമാണ് എം.എൽ.എയായിരിക്കുന്ന കൊല്ലം മണ്ഡലത്തിൽ താൻ കൊണ്ടുവന്നതെന്നും മീൻകുളത്തെ സ്വീകരണത്തിൽ എം.മുകേഷ് പറഞ്ഞു. ചടയമംഗലത്ത് മന്ത്രി ജെ.ചിഞ്ചുറാണി പര്യടനത്തിൽ പങ്കെടുത്തു. വൈകിട്ട് കടയ്ക്കൽ ഇടത്തറയിലാണ് പ്രചാരണം സമാപിച്ചത്.