അഞ്ചാലുംമൂട്: വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം മൂലം ദുരിതത്തിലായി പുല്ലേരിൽ, വിരാലിയിൽ നിവാസികൾ. നൂറിലധികം കുടുംബങ്ങളാണ് വെള്ളം കിട്ടാതെ പ്രതിസന്ധിയിലായത്.
വേനൽ കനത്തതും ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് കുഴിച്ചതിനിടെ പൈപ്പ് പൊട്ടിയതുമാണ് കുടിവെള്ളം ഇല്ലാതാക്കിയത്. പൊട്ടിയ പൈപ്പിൽ വാട്ടർ അതോറിട്ടി അധികൃതർ അറ്റകുറ്റപ്പണി നടത്തിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ബൈപ്പാസ് അധികൃതർ പൈപ്പ് പൊട്ടിച്ചു. ഈ പ്രദേശത്ത് ജലക്ഷാമം പരിഹരിക്കാൻ നിർമ്മിച്ച കുഴൽകിണർ പ്രവർത്തന ക്ഷമമല്ലാതായതോടെ കടവൂർ ആയൂർവേദ ആശുപത്രിക്ക് സമീപത്തെ കുഴൽകിണറിൽ നിന്നായിരുന്നു വെള്ളം പമ്പ് ചെയ്തിരുന്നത്.
ഈ പൈപ്പ് ലൈനാണ് ബൈപ്പാസിലെ നിർമ്മാണത്തിനിടെ പൊട്ടുന്നത്. റോഡ് കുഴിക്കുന്നതും റോഡിൽ വലിയ മെഷീനുകൾ ഉപയോഗിച്ചു തീവ്ര മർദ്ദത്തിൽ കുഴിയെടുക്കുന്നതുമാണ് മണ്ണിനടയിലൂടെയുള്ള പൈപ്പുകൾ വേഗത്തിൽ പൊട്ടാൻ കാരണമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. കഴിഞ്ഞ വേനൽക്കാലം മുതലാണ് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായത്.
നിലവിൽ വിലകൊടുത്ത് സ്വകാര്യ ടാങ്കറുകളിൽ നിന്നും ദൂരെ പ്രദേശങ്ങളിൽ നിന്നുമാണ് വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം എത്തിക്കുന്നത്. കോർപ്പറേഷൻ ടാങ്കറിൽ നിന്നുള്ള വെള്ളവും ഈ ഭാഗത്ത് ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവുന്നില്ല.
ബൈപ്പാസിലെ റോഡ് പണിമൂലം പൈപ്പ് പൊട്ടുന്ന സാഹചര്യം ഒഴിവാക്കണം. എത്രയും വേഗം കുടിവെള്ള പ്രശ്‌നം പരിഹരിക്കണം
പ്രദേശവാസികൾ