
പത്തനാപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ കോൺഗ്രസ് സംഘപരിവാറിനൊപ്പം നിന്നുവെന്നും കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം ലഭിക്കാൻ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നപ്പോൾ പോലും കേന്ദ്രസർക്കാരിനെതിരെ ഒരു പ്രതിഷേധ ശബ്ദം പോലും കോൺഗ്രസ് ഉയർത്തിയില്ലെന്നും ഇത് കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന അവഗണനയാണെന്നും
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എൽ.ഡി.എഫിന്റെ മാവേലിക്കര ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം പത്തനാപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘപരിവാറിന്റെ വെറുപ്പിന്റെ പ്രത്യശാസ്ത്രത്തെ കേരളം അംഗീകരിക്കില്ല. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ബി.അജയകുമാർ അദ്ധ്യക്ഷനായി. മന്ത്രി കെ.എൻ.ബാലഗോപാൽ, മന്ത്രി കെ.ബി.ഗണേഷ്കുമാർ, മുൻ മന്ത്രി അഡ്വ. കെ.രാജു, പി.എസ്.സുപാൽ എം.എൽ.എ, കെ.രാജഗോപാൽ, പ്രകാശ്ബാബു, അഡ്വ. എസ്.വേണുഗോപാൽ, എൻ.ജഗദീശൻ, മുഹമ്മദ് അസ്ലം, ജി.ആർ.രാജീവൻ, എച്ച്.നജീബ് മുഹമ്മദ്, കെ.വാസുദേവൻ, എം.ജിയാസുദ്ദീൻ എന്നിവർ പങ്കെടുത്തു.