camera

കൊല്ലം: ജില്ലയിൽ എ.ഐ ക്യാമറ കണ്ണ് തുറന്നത് മുതൽ ഇന്നുവരെയുള്ള ഒൻപത് മാസത്തിനിടയിൽ കുടുങ്ങിയത് 585889 ഗതാഗത നിയമ ലംഘനങ്ങൾ. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക,​ ഇരുചക്രവാഹനത്തിന് പിൻസീറ്റിൽ ഇരിക്കുന്ന ആൾ ഹെൽമെറ്റ് ധരിക്കാതിരിക്കുക,​ സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കുക,​ മുൻ സീറ്റിലെ സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക,​ റെഡ് സിഗ്നൽ മുറിച്ചുകടക്കൽ,​ ഇരുചക്ര വാഹനങ്ങളിലെ രണ്ടിൽ അധികം പേരുടെ യാത്ര,​ ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയാണ് എ.ഐ ക്യാമറയിൽ കുടുങ്ങിയത്. ജില്ലയിൽ എ.ഐ ക്യാമറ സ്ഥാപിച്ച 2023 ജൂൺ 5 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. 58 എ.ഐ ക്യാമറകളാണ് ജില്ലയിൽ ആകെ സ്ഥാപിച്ചിട്ടുള്ളത്.

ഹെൽമെറ്റ്,​ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപ,​ മൊബൈൽ ഫോൺ ഉപയോഗത്തിന് 2000 രൂപ,​ റെഡ് സിഗ്നൽ മുറിച്ച് കടക്കലിന് 1000 രൂപ,​ ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുണ്ടെങ്കിൽ 1000 രൂപ,​ അമിത വേഗത്തിന് 1500 രൂപ എന്നിങ്ങനെയാണ് പിഴ.

ദിവസം 1200 ചെലാനുകൾ

 ദിവസം 1100-1200 ചെല്ലാനുകൾ ജനറേറ്റ് ചെയ്യുന്നുണ്ടെന്ന് മോട്ടാർ വാഹന അധികൃതർ

 പരിവാഹൻ സോഫ്ട് വെയറിൽ അപ് ലോഡ് ചെയ്ത ശേഷമാണ് ചെലാൻ തയ്യാറാക്കുന്നത്

 വൈകിട്ട് അഞ്ച് വരെയുള്ള നിയമലംഘനങ്ങൾ കൺട്രോൾ റൂമിൽ സൂക്ഷിക്കും

 തപാൽവകുപ്പിൽ നിന്ന് ആളെത്തിയാണ് വിലാസത്തിലേക്ക് അയക്കുന്നത്

 തപാൽ ചെലവ് കെൽട്രോണാണ് വഹിക്കുന്നത്

 വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്.എം.എസ് മുഖേനെയും അറിയിപ്പ്

? പിഴ അടച്ചില്ലെങ്കിൽ
പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കില്ല. നിയമലംഘനം ആവ‌ർത്തിച്ചാൽ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.


ആകെ നിയമലംഘങ്ങൾ - 585​889

ഹെൽമെറ്റ് ധരിക്കാത്തത്: 265965

പിന്നിലിരിക്കുന്നവർ ഹെൽമെറ്റ് ധരിക്കാത്തത്: 145634

സീറ്റ് ബെൽറ്റ് ധരിക്കാത്തത്: 63633

മുൻ സീറ്റിലെ സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തത്: 59108

റെഡ് സിഗ്നൽ മുറിച്ചുകടക്കൽ: ​ 38511

ഇരുചക്രവാഹനങ്ങളിലെ രണ്ടിലധികം പേരുടെയാത്ര: 8858

ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം: 4180

പകുതിയിൽ കൂടുതൽ നിയമലംഘനങ്ങളിലും പിഴ ഒടുക്കുന്നുണ്ട്. ആദ്യ 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കേസ് വെർച്വൽ കോടതിയിലേക്ക് പോകും. 60 ദിവസം പിന്നിട്ടാൽ കേസ് സി.ജെ.എം കോടതിയിൽ പോകും. മോട്ടോർ വാഹന വകുപ്പ് അധികൃതർ