എഴുകോൺ : എഴുകോണിലെ ക്ഷേത്രോത്സവങ്ങളുടെ സമാപനം കുറിച്ച് ദേശീയ പാതയിലെ എഴുകോൺ ജംഗ്ഷൻ ഇന്ന് പൂരങ്ങളുടെ സംഗമ വേദിയാകും. എഴുകോൺ, കോയിക്കൽ,ചീരങ്കാവ് പൂരങ്ങളാണ് വൈകിട്ട് ഇവിടെ സംഗമിക്കുന്നത്. എഴുകോൺ മാടൻകാവ് മഹാദേവർ ക്ഷേത്രം, ചീരങ്കാവ് ഭഗവതി ക്ഷേത്രം, കോയിക്കൽ ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലെ കെട്ടുകാഴ്ചകളുടെയും ആറാട്ട് ഘോഷയാത്രകളുടെയും ഭാഗമായാണ് പൂരക്കാഴ്ച. വൈകിട്ട് 3ന് എഴുന്നള്ളത്തും ഘോഷയാത്രയും തുടങ്ങും. മുപ്പതിൽ പരം ഫ്ലോട്ടുകൾ, നാല് വണ്ടിക്കുതിരകൾ, കെട്ടുകാള, ഡിജിറ്റൽ തെയ്യം, പുലികളി, പഞ്ചവാദ്യം, നാദസ്വരം, ഗജവീരന്മാർ എന്നിവയ്ക്ക് പുറമേ അഞ്ചോളം പൂരക്കാഴ്ചകളും ഘോഷയാത്രയിൽ അണിനിരക്കും.
എഴുകോൺ ക്ഷേത്രത്തിൽ വൈകിട്ട് 3ന് കെട്ടുകാഴ്ചയോട് കൂടിയ എഴുകോൺ പൂരം, 5ന് ഓട്ടൻതുള്ളൽ,രാത്രി 9.30ന് ഗാനമേള.
കോയിക്കൽ ക്ഷേത്രത്തിൽ രാവിലെ 6ന് പൊങ്കാല, വൈകിട്ട് 5ന് ആറാട്ട് ഘോഷയാത്രയും കോയിക്കൽ പൂരവും, രാത്രി 10ന് ഗാനമേള.
ചീരങ്കാവ് ഭഗവതി ക്ഷേത്രത്തിൽ രാവിലെ 6.15ന് പൊങ്കാല,വൈകിട്ട് 4ന് ചീരൻകാവ് മഹോത്സവവും കെട്ടുകാഴ്ചയും, 7ന് തിരുവാതിര കളി, രാത്രി 9.30ന് നാടൻ പാട്ട്.
കെട്ടുകാഴ്ചയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം ആറു മുറിക്കടയ്ക്കും അമ്പലത്തുംകാലയ്ക്കും ഇടയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.