കൊല്ലം: വിദ്യാധിരാജ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആഘോഷം 19 മുതൽ മേയ് 8 വരെ നടക്കും. 20ന് നടക്കുന്ന സമാധി ശതാബ്ദി ആഘോഷം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. വിദ്യാധിരാജ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. ഡി.എം.വാസുദേവൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ജനറൽ പെരുമുറ്റം രാധാകൃഷ്ണൻ, മുൻ സോളിസിറ്റർ ജനറൽ അഡ്വ. ടി.പി.എം.ഇബ്രാഹിം ഖാൻ എന്നിവർ പ്രഭാഷണം നടത്തും.

19ന് രാവിലെ നടക്കുന്ന ജീവകാരുണ്യദേവ രഥയാത്ര വിദ്യാധിരാജ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. ഡി.എം.വാസുദേവൻ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ പി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനാകും. വിവേകാനന്ദാശ്രമം സ്വാമി പുരുഷോത്തമാനന്ദ സരസ്വതി പ്രഭാഷണം നടത്തും. 28ന് ഉച്ചയ്ക്ക് 2.30ന് ഭരണഘടനയും തുല്യനീതിയും-ചട്ടമ്പിസ്വാമികളും ജീവകാരുണ്യ ദർശനവും എന്ന വിഷയത്തിൽ സംവാദം നടക്കും.

29ന് നടക്കുന്ന നാരായണീയ പാരായണം കോയമ്പത്തൂർ ആര്യ ഫാർമസി എം.ഡി ദേവിദാസ് വാര്യർ ഉദ്ഘാടനം ചെയ്യും. 29 മുതൽ മേയ് 5 വരെ പണ്ഡിതരുടെ നേതൃത്വത്തിൽ സെമിനാറുകൾ. മേയ് 6ന് രാവിലെ 9.30ന് നടക്കുന്ന ഗുരുവന്ദനം ശിവഗിരി മഠം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമം സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനാകും. കൊളത്തൂർ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. മേയ് 7ന് രാവിലെ 9.30ന് നടക്കുന്ന ജീവകാരുണ്യ ദർശന സദസ് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന പൂർണകായ പ്രതിമയുടെ അനാച്ഛാദനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. മേയ് 8ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് നിർവഹിക്കും.