കുളത്തൂപ്പുഴ: ദിനം പ്രതി വർദ്ധിച്ചു വരുന്ന മനുഷ്യവന്യജീവി സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ വനംവകുപ്പ് നടപ്പിലാക്കുന്ന വനാവരണം പദ്ധതിയുടെ ഭാഗമായി ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇക്കഴിഞ്ഞ നവംബറിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വില്ലുമല പ്രദേശത്ത് മന്ത്രി ഉദ്ഘാടനം ചെയ്ത വനാവരണം പദ്ധതി പ്രകാരം ആദ്യഘട്ടമായി 55 ലക്ഷം രൂപ ചെലവിൽ കുളത്തൂപ്പുഴ അമ്പതേക്കർ പാതയോരത്തായാണ് തൂങ്ങികിടക്കുന്ന വൈദ്യുത വേലി (ഹാംഗിംഗ് ഫെൻസിംഗ്) നിർമ്മിക്കുന്നത്. കേരളാ ഇലക്ട്രിക്കൽ ആൻഡ് അലീഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിന്റെ (കെൽ) നേതൃത്വത്തിലാണ് വേലിയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ആദ്യഘട്ടമായി വേലിക്കാവശ്യമായ ഇരുമ്പ് തൂണുകൾ വനപാതയുടെ ഓരം ചേർന്ന് സ്ഥാപിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മറ്റുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കി വൈദ്യുത വേലി പ്രവർത്തനക്ഷമമാക്കുമെന്ന് നിർമ്മാണ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു.