പുനലൂർ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ നെല്ലിപ്പള്ളിക്ക് സമീപത്തെ വന്മള പാലത്തിനോട് ചേർന്ന് അപകടം പതിയിരിക്കുന്നു. പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിൽ ആറ്റ് തീരത്ത് ക്രാഷ്ബാരിയർ സ്ഥാപിക്കാത്തതാണ് അപകട സാദ്ധ്യതയ്ക്ക് കാരണം. പാത നവീകരണങ്ങളുടെ ഭാഗമായി ഒന്നര വർഷം മുമ്പ് മുക്കടവ് ആറിന് മദ്ധ്യേ സ്ഥിതി ചെയ്യുന്ന പഴയ പാലത്തിന് സമീപത്താണ് പുതിയ പാലം പണിതത്. എന്നാൽ പാതയോരത്തെ ആറ്റ് തീരത്ത് ക്രാഷ്ബാരിയർ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഇത് കാരണം പാതയോരത്ത് കൂടിനടന്ന് പോകുന്ന കാൽ നട യാത്രക്കാർ കടുത്ത ആശങ്കയിലാണ്.
ക്രാഷ് ബാരിയർ വേണം
രണ്ട് പാലങ്ങളുടെയും ഇടയിലെ പാതയോരത്തെ ഇരുകരകളും തുറന്ന് കിടക്കുന്നത് കാരണം വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടാണ്. പുതിയ പാലത്തിന് പുറമെ പഴയ പാലത്തിലൂടെയും വാഹനങ്ങൾ കടന്ന് പോകുന്നത് കണക്കിലെടുത്ത് തുറസായി കിടക്കുന്ന ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾക്ക് പുറമെ ചരക്ക് ലോറിയടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാതയിലാണ് അപകടം പതിയിരിക്കുന്നത്.
ഇഴഞ്ഞു നീങ്ങി സംസ്ഥാന പാത നവീകരണം
കെ.എസ്.ടി.പിയുടെ നിയന്ത്രണത്തിൽ 200 കോടിയിൽ അധികം രൂപ ചെലവഴിച്ചാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നവീകരണം നടന്ന് വരുന്നത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച നവീകരണ ജോലികൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ് .ആധുനിക സൗകര്യങ്ങളോടെ റീ ടാറിംഗ് നടത്തിയ പാതയുടെ രണ്ട് വശങ്ങളിലെയും നടപ്പാതയുടെ വിവിധ സ്ഥലങ്ങളിൽ റോഡിൽ നിന്ന് താഴ്ന്ന് കിടക്കുന്നത് കാൽ നട യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറിയിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇവിടെ മണ്ണിട്ട് ഉയർത്തിയാൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.