11

കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് ഇരവിപുരത്ത് ഊഷ്മള സ്വീകരണം. രാവിലെ 8ന് ഇരവിപുരം മണ്ഡലത്തിലെ ചകിരിക്കടയിലായിരുന്നു ആദ്യ സ്വീകരണം. ആവേശ്വോജ്ജ്വല സ്വീകരണമാണ് ഓരോ കേന്ദ്രത്തിലും ലഭിച്ചത്. കശുഅണ്ടി ഫാക്ടറികളിലെത്തിയ സ്ഥാനാർത്ഥിയെ തൊഴിലാളികൾ വാരിപ്പുണർന്നാണ് സ്വീകരിച്ചത്.

കൈവീശി പ്രവർത്തകരുടെ അടുത്തേക്കെത്തിയ സ്ഥാനാർത്ഥി കാത്തുനിന്ന വോട്ടർമാരോടെല്ലാം കുശലം പറയുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. കൂടി നിന്നവരുടെയെല്ലാം ചെറുതും വലുതുമായ പ്രയാസങ്ങൾ കേൾക്കാനും അദ്ദേഹം തയ്യാറായി. ഏവരെയും പേരെടുത്ത് വിളിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ കഴിയുന്നത്ര ആളുകളുമായി സംവദിച്ചാണ് സ്വീകരണ പരിപാടിയിലേക്ക് കടന്നത്.

തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, അവരുടെ പ്രശ്‌നങ്ങളിന്മേൽ പാർലമെന്റംഗം എന്ന നിലയിൽ കൈക്കൊണ്ടിട്ടുള്ള ഇടപെടലുകൾ തുടങ്ങിയവയിലൂടെയെല്ലാം കടന്നുപോയാണ് പ്രസംഗം അവസാനിപ്പിച്ചത്.

ഇരവിപുരത്തെ പ്രചാരണം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ബേബിസൺ അദ്ധ്യക്ഷനായി. ബാബു ദിവാകരൻ, അഡ്വ. എ. ഷാനവാസ് ഖാൻ, വിപിനചന്ദ്രൻ, ആദിക്കാട് മധു, സജി.ഡി.ആനന്ദ്, രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.