
പത്തനാപുരം: നോവലിസ്റ്റും തമിഴ് - മലയാളം ചലച്ചിത്ര മാദ്ധ്യമപ്രവർത്തകനും നടൻ പ്രേംനസീറിന്റെ സന്തത സഹചാരിയുമായിരുന്ന സി.എൻ.കൃഷ്ണൻകുട്ടി (77, സിനിമാമംഗളം കൃഷ്ണൻകുട്ടി) പത്തനാപുരം ഗാന്ധിഭവനിൽ അന്തരിച്ചു. സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടത്തി.
ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം തമിഴ് ചലച്ചിത്ര മാദ്ധ്യമപ്രവർത്തകരുടെ സംഘടനയായ സിനിമ പതിരികൈയാളർ സംഘത്തിന്റെ സെക്രട്ടറിയായും സിനിമാമംഗളം, ചെന്നൈ പത്രിക തുടങ്ങിയവയുടെ കറസ്പോണ്ടന്റായും ദീർഘകാലം പ്രവർത്തിച്ചു. പ്രേംനസീറിന് ആരാധകർ അയയ്ക്കുന്ന കത്തുകൾക്ക് നസീറിന്റെ നിർദ്ദേശപ്രകാരം മറുപടി അയച്ചിരുന്നത് കൃഷ്ണൻകുട്ടിയാണ്.
കമൽഹാസൻ ഉൾപ്പെടെ ചലച്ചിത്രരംഗത്തെ പ്രമുഖരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഇദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ ജന്മനാടായ തിരുവനന്തപുരത്തേക്ക് തിരികെയെത്തി. ഹൃദ്രോഗബാധിതനായ ഇദ്ദേഹത്തെ രണ്ടരവർഷം മുമ്പ് സുഹൃത്തും സംവിധായകനുമായ ശാന്തിവിള ദിനേശാണ് ഗാന്ധിഭവനിലെത്തിച്ചത്. 14 നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.