തട്ടാശേരി : ചവറ പഞ്ചായത്തിലെ 22-ാം വാർഡിൽ തട്ടാശേരി വലിയാണിശേരി മുക്കിന് പടിഞ്ഞാറ് തോണ്ടലിൽ പുരയിടത്തിന് സമീപം മൂടികൾ ഇല്ലാത്ത ഓട യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഏകദേശം 100 മീറ്റർ ദൈർഘ്യത്തിൽ മൂടികൾ ഇല്ലാത്ത ഓട കാൽനടക്കാർക്കും വാഹനങ്ങൾക്കും ഒരു പോലെ ഭീഷണിയാകുന്നു. കഴിഞ്ഞ പ്രളയ കാലത്ത് മൂടിയില്ലാത്ത ഓട കവിഞ്ഞായിരുന്നു വെള്ളമൊഴുകിയത്. ഓടയ്‌ക്ക് സമീപത്തെ ഒരു വീട്ടിലെ കൈക്കുഞ്ഞിന് സുഖമില്ലാതെ ആയപ്പോൾ ജനപ്രതിനിധിയുൾപ്പടെയുള്ള നാട്ടുകാർ സംഘടിച്ച് പുരയിടത്തിന്റെ മറ്റൊരു വശത്തെ ചുറ്റുമതിൽ ഇടിച്ചാണ് ആ വീട്ടിൽ ഒറ്റപ്പെട്ടു പോയ അമ്മയെയും കുഞ്ഞിനെയും പുറത്തെത്തിച്ച് ആശുപത്രിയിൽ കൊണ്ടു പോയത്.
അപകട സാദ്ധ്യതയ്‌ക്കപ്പുറം സദാസമയവും ദുർഗന്ധപൂരിതമാണ് ഈ ഓട. ചിലർ ഈ ഓടവഴി കക്കൂസ് മാലിന്യത്തിന്റെ നാറ്റമുള്ള വെള്ളം ഒഴുക്കി വിടുന്നതായി സംശയമുണ്ട്.
ഓടയ്‌ക്ക് സമീപത്തെ താമസക്കാരി
ചെറുകിട ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഓട നിർമ്മിച്ചത്. അടിയന്തരമായി ഓടകൾ വൃത്തിയാക്കി മൂടികൾ ഇടണം . നിലവിൽ മാലിന്യക്കൂമ്പാരമാണ്. സമീപത്തെ വയൽ നികത്തി പ്ലോട്ടുകളായി തിരിച്ച് റിയൽ എസ്‌റ്റേറ്ര് ബിസിനസ് കൊഴുത്തതോടെയാണ് നീരൊഴുക്ക് നിലച്ചത്.
റോസ് ആനന്ദ്
എസ്.എൻ.ഡി .പി യോഗം
ചവറ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ്,
കെ.പി.സി.സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം ചെയർമാൻ
ഹൈവേയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഓടകളെല്ലാം അടഞ്ഞതോടെ വലിയ തോതിൽ വെള്ളം ഉൾപ്രദേശങ്ങളിലേക്ക് മറിയുന്നു. വീടുകളിലേക്ക് പോകാൻ അത്യാവശ്യം സ്ലാബുകൾ ഇട്ടെങ്കിലും അപര്യാപ്‌തമാണ്. പഞ്ചായത്ത് ഫണ്ടും പര്യാപ്‌തമല്ല. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഓടകൾക്ക് മൂടി സ്ഥാപിക്കും.
കെ.പ്രദീപ്
തട്ടാശേരി വാർഡ് മെമ്പർ