ചവറ: വീതി കൂട്ടൽ പുരോഗമിക്കുന്ന പുതിയ ഹൈവേയിൽ ചവറ മുതൽ ശങ്കരമംഗലം വരെയുള്ള ഭാഗം മണ്ണിട്ടുയർത്തിയപ്പോൾ പോക്കറ്റ് റോഡുകളിലേക്കുള്ള ഇറക്കവും കയറ്റും അപകടസാദ്ധ്യതയേറുന്നതായി. അടിപ്പാതയില്ലാത്ത പനംതോട് ,നല്ലേഴുത്തുമുക്ക് ,ബേബിജോൺ സ്‌മാരക ഷഷ്‌ടിപൂർത്തി മന്ദിരം തുടങ്ങിയ ഭാഗങ്ങളിൽ ഉയരമുള്ള പുതിയ ഹൈവേയിൽ നിന്ന് ഇറങ്ങുന്നതിനിടെ ടൂ വീലറുകൾ അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങളുണ്ടായി. നല്ലേഴുത്തുമുക്ക് -കൊട്ടുകാട് റൂട്ടിൽ നിന്ന് തിരികെ ദേശീയ പാതയിലേക്ക് കയറുന്നത് കുത്തനെയാണ്. ഹൈവേ സുരക്ഷിതമാകും വരെ കാത്തു നിൽക്കുന്നത് കുത്തനെയുള്ള ഭാഗത്തായതിനാൽ വാഹനങ്ങൾ പിന്നോട്ടുരുണ്ട് പിന്നിലെ വാഹനത്തിൽ തട്ടിയ സംഭവങ്ങളും കുറവല്ല.
വെള്ളക്കെട്ട് ഭീഷണി
ഓടകളുടെ നിർമ്മാണവും ശാസ്‌ത്രീയമല്ലെന്നും പുതിയ ഓടകളിലൂടെ നീരൊഴുക്ക് സുഗമമാകുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. ഹൈവേയുടെ ഇരുവശത്തെയും ഒരിക്കലും വെള്ളം കയറാത്ത പ്രദേശങ്ങളായ പുത്തൻകോവിൽ ,തട്ടാശേരി ,കുളങ്ങരഭാഗം,കോട്ടയ്‌ക്കകം,തോട്ടിന്‌വടക്ക് എന്നിവിടങ്ങളിൽ കഴിഞ്ഞ മഴക്കാലത്തുണ്ടായ വലിയ വെള്ളക്കെട്ട് ഇത്തവണയുമുണ്ടാകുമോയെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.