ഒട്ടുമിക്ക പഴങ്ങൾക്കും വിലകൂടി
കൊല്ലം: വേനൽ കനത്തതോടെ തണ്ണിമത്തൻ വിലയ്ക്കും 'കനം' കൂടുന്നു. സാദാ തണ്ണിമത്തൻ, കുരു അധികമില്ലാത്തതും മധുരം കൂടിയതുമായ കിരൺ, മഞ്ഞനിറത്തിലുള്ളവ, അകം മഞ്ഞ നിറത്തിലുള്ളവ എന്നിവയാണ് വിപണിയിലുള്ളത്.
വേനൽ തുടങ്ങിയപ്പോൾ കിലോയ്ക്ക് 15 രൂപയായിരുന്ന തണ്ണിമത്തന് ഇപ്പോൾ 25 രൂപയായി. ഒരാഴ്ച മുമ്പ് കിരണിന്റെ മൊത്തവില്പന വില കിലോയ്ക്ക് 20 രൂപയായിരുന്നു. നിലവിൽ വില 25 ഉം ചില്ലറ വില 30 ഉം ആയി. മഞ്ഞ തണ്ണിമത്തന് മൊത്ത വില്പന വില 30 ഉം ചില്ലറ വില 40 ഉം ആയപ്പോൾ സാദാ തണ്ണിമത്തന്റെ മൊത്ത വില്പന വില 15 ഉം ചില്ലറ വില 25 ഉം ആയി. സാമാന്യം വലിപ്പമുള്ള ഒരു തണ്ണിമത്തൻ ഏകദേശം ആറു കിലോ വരും. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് കിരൺ തണ്ണിമത്തൻ കൂടുതലായും എത്തുന്നത്.
ഓറഞ്ചിനും മുന്തിരിക്കും ആവശ്യക്കാർ ഏറെയാണ്. ഓറഞ്ചിന്റെ മൊത്ത വില്പന വില ഗുണനിലവാരം അനുസരിച്ച് കിലോയ്ക്ക് 106, 120, 130 എന്നിങ്ങനെയാണ്. ചില്ലറ വില 120ൽ തുടങ്ങും. മുസംബി മൊത്തം വിൽപ്പന വില 86 ഉം ചില്ലറ വില 120 ഉം ആണ്.
ഇത്തവണ മാർച്ച് ആദ്യവാരം ചൂടിന് കാഠിന്യമേറിത്തുടങ്ങിയതോടെയാണ് വിപണി സജീവമായത്. ഇതോടെ ജീവിത മാർഗമായി നിരവധി പേരാണ് പഴം വിപണിയിലേക്ക് തിരിഞ്ഞത്. വരും ദിവസങ്ങളിലും വില കൂടാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
ജ്യൂസിനും ഡിമാൻഡ്
തണ്ണിമത്തൻ ജ്യൂസിനും നല്ല ഡിമാൻഡുണ്ട്. ഒരു ഗ്ളാസിന് 30 മുതൽ 50 വരെയാണ് വില. പൈനാപ്പിൾ ജ്യൂസിന് 50 മുതൽ 60 വരെയും ഓറഞ്ചിന് 40 മുതൽ 60 വരെയും ഷമാമിനും മുന്തിരിക്കും പപ്പായ ജ്യൂസിനും 50 രൂപയുമാണ്. കരിക്കിന് 40 മുതൽ 50 വരെയായി. ഫ്രഷ് ലൈമിന് 25 മുതൽ 30 രൂപ വരെ നൽകണം.