കൊല്ലം: ഒരുമാസത്തിലേറേയായി കളക്ടറേറ്റിൽ കുടുങ്ങിക്കിടന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പാട്ടത്തുക നിശ്ചയിക്കുന്നതിന്റെ ഫയലിൽ തീരുമാനമായി. പ്ലാന്റ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ വിട്ടുനൽകിയ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള 126 സെന്റ ഭൂമിക്ക് 20.80 ലക്ഷം രൂപ കളക്ടർ പാട്ടത്തുക നിശ്ചയിച്ചു.

പാട്ടത്തുക നിശ്ചയിക്കാനുള്ള ഫയൽ കളക്ടറേറ്റിൽ കുടുങ്ങിയത് ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. പത്ത് വർഷത്തേക്കാണ് കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള 126 സെന്റ് ഭൂമി സർക്കാർ സിറ്റി ഗ്യാസ് പദ്ധതിയുടെ കരാർ കമ്പനിയായ എ.ജി.പിക്ക് സർക്കാർ പാട്ടത്തിന് അനുവദിച്ചിരിക്കുന്നത്.

ഇതിൽ ആദ്യ വർഷത്തെ പാട്ടത്തുകയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ വർഷവും കളക്ടർ പാട്ടത്തുക പുതുക്കും. കളക്ടർ നിശ്ചയിച്ച പാട്ടത്തുക അടിസ്ഥാനമാക്കി കെ.എം.എം.എല്ലും എ.ജി.പിയും തമ്മിൽ വൈകാതെ പാട്ടക്കരാർ ഒപ്പിടും. തൊട്ടുപിന്നാലെ തന്നെ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

വിട്ടുനൽകുന്ന ഭൂമി - 126 സെന്റ്

കാലാവധി - 10 വർഷം

പാട്ടത്തുക ₹ 20.80 ലക്ഷം

ഔട്ട്‌ലെറ്റും പ്ളാന്റും ഉയരും

വാഹനങ്ങളിൽ പ്രകൃതി വാതകം നിറയ്ക്കാനുള്ള ഔട്ട്ലെറ്റ് സ്ഥാപിക്കാൻ ദേശീയപാത ഓരത്ത് 35 സെന്റും ദ്രാവക രൂപത്തിൽ എത്തിക്കുന്ന സി.എൻ.ജി വാതക രൂപത്തിലാക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാൻ 91 സെന്റ് സ്ഥലവുമാണ് കെ.എം.എം.എൽ സിറ്റി ഗ്യാസ് പദ്ധതിക്കായി പാട്ടത്തിന് നൽകുന്നത്.