കൊല്ലം: പാറ്റൂർ ശ്രീബുദ്ധ എൻജിനിയറിംഗ് കോളേജ് (ഓട്ടോണമസ്) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ' ഇലക്ട്ര-24 ടെക്ഫെസ്റ്റ് ' വിദ്യാർത്ഥികളുടെ നവീന ആശയങ്ങളും സാങ്കേതിക വൈദഗ്ദ്ധ്യവും കൊണ്ട് ശ്രദ്ധേയമായി.
ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രൊഫ. വി.പ്രസാദ്, കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കൃഷ്ണകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. സജി വർഗീസ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ടെക്നോളജിയുടെ അതിർവരമ്പുകൾ തിരയുന്നതിനും വിദ്യാർത്ഥികളുടെ നൈപുണ്യം വളർത്തുന്നതിനുമുള്ള മികച്ച വേദിയാണ് ടെക്ഫെസ്റ്റുകളെന്ന് ഉദ്ഘാടകൻ പ്രൊഫ. കെ.ശശികുമാർ പറഞ്ഞു.
നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. റേസിംഗ് കാറുകളും ഡ്രോണുകളും പ്രദർശിപ്പിച്ച ആർ.സി എക്സ്പോ, റേസിംഗ് ട്രാക്കിൽ നടന്ന ആർ.സി റേസ്, സ്വയം നിർമ്മിത റോബോട്ടുകൾ പങ്കെടുത്ത റോബോ സോക്കർ, ഇ-ഗെയിംസ് എന്നിവ അരങ്ങേറി. റോബോ സോക്കർ മത്സരം വിദ്യാർത്ഥികളുടെ നൂതന ചിന്തയ്ക്കും സാങ്കേതിക വൈദഗ്ദ്ധ്യത്തിനും സാക്ഷ്യം പകർന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡും നൽകി.