
കൊല്ലം: കൺസ്യൂമർ ഫെഡ് എല്ലാവർഷവും ഈസ്റ്റർ, വിഷു, റംസാൻ വേളകളിൽ നടത്തുന്ന വിപണന മേളയ്ക്ക് ഇത്തവണ അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ പ്രതിഷേധിച്ച് കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട് റീജിയണൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഉത്സവവേളകളിലെ വിലക്കയറ്റം നിയന്ത്രിക്കാൻ നടത്തുന്ന വിപണനമേളയാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ഇടപെടലിനെ തുടർന്ന് നിഷേധിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു. ആർ.ശ്യാം അദ്ധ്യക്ഷനായി. എസ്.സതീഷ് കുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, എൻ.തുളസീധരൻ എന്നിവർ സംസാരിച്ചു.