എഴുകോൺ : കൊട്ടാരക്കര സബ് ട്രഷറിയിലെ ശുചിമുറികളും പരിസരവും ദുർഗന്ധപൂരിതം. വൃത്തിയാക്കാത്തതാണ് കാരണം. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ സബ് ട്രഷറി പരിസരത്ത് നിൽക്കാനാകാത്ത സ്ഥിതിയാണ്. പെൻഷൻ വാങ്ങാനും മറ്റും എത്തുന്ന വൃദ്ധജനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. മണിക്കൂറുകൾ കാത്തിരുന്നാലാണ് പെൻഷൻ വാങ്ങി മടങ്ങാനാകുന്നത്. ഈ സമയമത്രയും ശുചിമുറിയിൽ നിന്നുള്ള ദുർഗന്ധം സഹിച്ചു വേണം ട്രഷറി വരാന്തയിൽ കാത്തിരിക്കാൻ.

അധികൃതർ ഇടപെടുന്നില്ല

ഇവിടെ എത്തുന്നവർക്ക് വൃത്തിയില്ലാത്ത ശുചിമുറി ഉപയോഗിക്കാനും മടിക്കുകയാണ്. പ്രായമായവർക്ക് അതും വലിയ ബുദ്ധിമുട്ടാണ്. പുരുഷന്മാരുടെ ശുചിമുറിയിലെ മൂന്ന് കക്കൂസുകളിൽ രണ്ടും തകരാറിനെ തുടർന്ന് പൂട്ടിയിട്ടിരിക്കുകയാണ്. താലൂക്ക് ഭരണ സിരാകേന്ദ്രമായ മിനി സിവിൽ സ്റ്റേഷനിലെ ഏറ്റവും കൂടുതൽ ജനം വന്നു പോകുന്ന ഓഫീസിനാണ് ഈ ദുർഗതി.

ശുചിത്വ മിഷന്റെ പ്രവർത്തനങ്ങളിലൂടെ തദ്ദേശ സ്ഥാപന തലത്തിൽ ശുചിത്വ സംവിധാനങ്ങൾക്ക് മുൻഗണന നൽകി വരുമ്പോൾ തന്നെയാണ് ഭരണ സംവിധാനങ്ങളുടെ ആസ്ഥാനത്തെ ഈ പരാധീനതകളെന്നതും വിരോധാഭാസമാണ്.