കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പോസ്റ്റൽ ഓഫീസിനോടു ചേർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായതോടെ, വിഷപ്പുക സ്ഥിരമായി ശ്വസിച്ച് സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രദേശത്തെ വീട്ടുകാർക്കും ശ്വാസ സംബന്ധമായ അസ്വസ്ഥതകൾ വർദ്ധിക്കുന്നുവെന്ന് പരാതി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി എത്തിച്ചാണ് കത്തിക്കുന്നത്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം തന്നെ ഇവിടെ മാലിന്യം സംഭരിക്കുന്നതും കത്തിക്കുന്നതും പതിവാക്കിയതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ ഹോട്ടൽ മാലിന്യം അടക്കം ഇവിടെ ഉപേക്ഷിക്കുന്നത് പകൽ സമയത്തും അസഹ്യമായ ദുർഗന്ധം ഉയർത്തുകയാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കാൻ ഹരിത കർമ്മസേന ഉള്ളപ്പോഴാണ്, ആരോഗ്യ വിഭാഗം തന്നെ ഇവ കത്തിച്ച് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
രാവിലെ പ്രദേശത്ത് ശുചീകരണത്തിനിറങ്ങുന്ന തൊഴിലാളികളാണ് മാലിന്യം കത്തിക്കുന്നതെന്ന് സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്നു. കത്തിയമരുന്ന മാലിന്യത്തിൽ നിന്നുള്ള പൊടിപടലങ്ങൾ കാറ്റടിച്ച് ജനാലകളിലൂടെ ഉള്ളിലേക്കും കടക്കും. പല ദിവസങ്ങളിലും രാവിലെ ഓഫീസ് തുറന്നുകഴിയുമ്പോൾ മേശയിലും കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളിലും നിറയെ കറുത്ത പൊടിപടലങ്ങളായിരിക്കും. സ്ഥിരമായി മാലിന്യം കത്തിക്കുന്നതിനാൽ പ്രഭാത സവാരിക്കാർക്കും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. റെയിൽവേ സ്റ്റേഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ രാവിലെ ബസ് കാത്തുനിൽക്കുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ശുചീകരണ തൊഴിലാളികൾ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായി വ്യാപക പരാതിയുണ്ട്.