കൊല്ലം: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നോമ്പുതുറയിൽ പങ്കെടുത്തിനെ ആക്ഷേപിച്ച് മന്ത്രി കെ.ബി.ഗണേശ് കുമാർ. ചവറയിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലായിരുന്നു ഗണേശിന്റെ വിവാദ പരാമർശം.
സുരേഷ് ഗോപി പള്ളിയിൽ കയറി നിസ്കരിച്ചുകളയുമോയെന്ന് ഇന്നലെ താൻ പേടിച്ചു. നോമ്പ് കഞ്ഞി ജീവിതത്തിൽ ആദ്യമായി കണ്ടപോലെ തള്ളവിരലിട്ട് നക്കികുടിച്ച അവസ്ഥയാണ് കണ്ടത്. കേരളം ഇത്തരം കള്ളത്തരങ്ങൾ പണ്ടേ കണ്ടതാണ്. മാതാവിന് സ്വർണക്കിരീടവുമായി തിരുവനന്തപുരത്ത് നിന്ന് പോയി. തൃശൂരിലെ മാതിവിന്റെ തലയിൽ സ്വർണം പൂശിയ ചെമ്പ് കൊണ്ടുവച്ചപ്പോൾ മാതാവ് തന്നെ തല കുലുക്കി എടുത്തോണ്ട് പോടായെന്നാണ് പറഞ്ഞത്.
കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലീം പള്ളിയിൽ ചെല്ലുമ്പോൾ ഖുറാൻ ഭാഗങ്ങൾ ഉദ്ധരിച്ച് പ്രസംഗിക്കും. കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പാവമാണ്. അഭിനയിക്കാൻ അറിയില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.