photo
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്

7 കോടിയുടെ കെട്ടിടം

3 കോടിയുടെ നവീകരണം

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് പുതിയ കെട്ടിടമൊരുങ്ങും, നിലവിലുള്ള കെട്ടിടം നവീകരിക്കും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി 7 കോടി രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചത്. ആർ.ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയായിരുന്ന വേളയിൽ നിർമ്മിച്ച നിലവിലെ പ്രധാന കെട്ടിടം 3 കോടി രൂപ ചെലവിൽ നവീകരിക്കാനും പദ്ധതി തയ്യാറായി. കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന പട്ടണമാണ് കൊട്ടാരക്കര. അതുകൊണ്ടുതന്നെ ഇവിടെയുള്ള ബസ് സ്റ്റാൻഡിന് കൂടുതൽ പ്രാധാന്യമുണ്ട്. ആർ.ബാലകൃഷ്ണ പിള്ളയുടെ കാലത്തുതന്നെ സംസ്ഥാനത്തെ മികച്ച ട്രാൻ.ഡിപ്പോകളിൽ ഒന്നായി കൊട്ടാരക്കര ഡിപ്പോ മാറിയിരുന്നു. ചെങ്ങറ സുരേന്ദ്രൻ എം.പിയായിരുന്ന വേളയിൽ ബസ് ഷെഡും പി.ഐഷാപോറ്റി എം.എൽ.എ ആയിരിക്കവെ ഗാരേജ് കെട്ടിടവും നിർമ്മിച്ചിരുന്നു. ഇനി പുതിയ കെട്ടിടവും നിലവിൽ ഉള്ളതിന്റെ നവീകരണവും കൂടിയാകുമ്പോൾ സ്റ്റാൻഡിലെ നിലവിലുള്ള അസൗകര്യങ്ങളെല്ലാം മാറിക്കിട്ടും.

നവീകരണം ഫ്രീഹാബ് സാങ്കേതിക വിദ്യയിൽ

പതിറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരക്കര ഡിപ്പോയുടെ നിലവിലുള്ള കെട്ടിടം അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കാനാണ് ലക്ഷ്യം. ചെലവ് കുറഞ്ഞ രീതിയായ പ്രീഫാബ് സാങ്കേതിക വിദ്യയിലൂടെയാണ് കൊട്ടാരക്കര ഡിപ്പോ നവീകരണം. തകരാറിലായ ജനൽ, കട്ടിളകൾ ഇളക്കിമാറ്റി കോൺക്രീറ്റ്, ഇരുമ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തും. ചെലവ് കുറഞ്ഞ രീതിയാണെങ്കിലും ഗുണനിലവാരം ഉറപ്പാക്കും.

വൃത്തികൂടി വേണം

കെട്ടിടങ്ങൾ നവീകരിച്ചതുകൊണ്ട് കാര്യമില്ല, ടൊയ്ലറ്റ് സംവിധാനങ്ങളൊക്കെ വൃത്തിയാകണം. നിലവിലുള്ള ടൊയ്ലറ്റ് സംവിധാനങ്ങൾ പരിതാപകരമാണ്. മിക്കപ്പോഴും സെപ്ടിക് ടാങ്ക് പൊട്ടിയൊഴുകാറുണ്ട്. ഇതിന് തൊട്ടടുത്താണ് കാന്റീൻ പ്രവർത്തിക്കുന്നതും. കെട്ടിടങ്ങൾക്കൊപ്പം ടൊയ്ലറ്റ് സംവിധാനങ്ങളും മികച്ചതാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്വകാര്യ പങ്കാളിത്തത്തോടെ ടൊയ്ലറ്റ് കോംപ്ളക്സ് നിർമ്മിക്കുന്ന കാര്യവും ആലോചനയിലുണ്ട്.