krish
കൊല്ലം ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി .ജി കൃഷ്ണകുമാർ നല്ലില്ല സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ ടി.സി.മാത്യൂസ് കോർ എപ്പിസ്‌കോപ്പയെ സന്ദർശിച്ചപ്പോൾ

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലം ലോക് സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാ‌ർത്ഥി ജി.കൃഷ്ണകുമാർ പൗരപ്രമുഖരെ സന്ദർശിച്ചു. അഖില കേരളതന്ത്രി മണ്ഡലം കൊല്ലം ജില്ലാ പ്രസിഡന്റും സനാതന ധർമ്മ പരിഷത്ത് ചെയർമാനുമായ നല്ലില പെരിങ്ങോട്ട് മഠം ശങ്കരര് ശങ്കരര് ഭദ്ര ദാസരെയും നല്ലില സെന്റ് ജോർജ് സുറിയാനി പള്ളി വികാരി മാത്യൂസ് കോർഎപ്പിസ്‌കോപ്പയെയുമാണ് സ്ഥാനാ‌ർത്ഥി സന്ദർശിച്ചത്. കുണ്ടറ മണ്ഡലത്തിലെ നെടുമ്പന പഞ്ചായത്തിൽ നടന്ന പര്യടനത്തിൽ ജനങ്ങൾ കൃഷ്ണകുമാറിന് ഊഷ്മളമായ വരവേൽപ്പ് നൽകി. നെടുമ്പന സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥിയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. കടപ്പാക്കട സീ പാലസിൽ നടന്ന ശിവസേന ജില്ലാ കൺവെൻഷനിൽ പങ്കെടുത്തു. ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാറിന്റ നേതൃത്വത്തിൽ സ്ഥാനാ‌ർത്ഥിയെ സ്വീകരിച്ചു. ബി.ജെ.പിയുടെയും ശിവസേനയുടെയും ബന്ധം ദശാബ്ദങ്ങൾ ആയുള്ളതാണെന്നും, എൻ.ഡി.എയുടെ കൂട്ടായ പ്രവർത്തനം കൊല്ലം ലോക് സഭാ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും കൃഷ്ണകുമാർ പറഞ്ഞു. കൊല്ലത്തെ പരമ്പരാഗത തൊഴിൽ മേഖലകളിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കി തിരിച്ചു പിടിക്കണമെങ്കിൽ മോദിയുടെ വികസന മാജിക് നടപ്പാകണമെന്നും അതിന് തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനലൂർ ഇരവിപുരം എന്നീ മണ്ഡലങ്ങളിൽ നടന്ന എൻ.ഡി.എ മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങി.