കൊല്ലം: കടപ്പാക്കടയിലെ സ്ഥാപനത്തിലെത്തിയ മിനറൽ വാട്ടർ കുപ്പികൾ ഉടമ തന്നെ ഇറക്കുന്നത് ചുമട്ടുതൊഴിലാളികൾ തടഞ്ഞതായി പരാതി. കടപ്പാക്കട ജനയുഗം നഗറിന് സമീപത്തെ സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

ലേബർ കാർഡില്ലാത്ത ഒരു സംഘം തൊഴിലാളികളാണ് സ്ഥലത്തെത്തി പ്രശ്നം സൃഷ്ടിച്ചത്. സ്വന്തം കോമ്പൗണ്ടിൽ ഉടമയ്ക്ക് തന്നെ ലോഡിറക്കാമെന്ന കോടതി വിധി ചൂണ്ടിക്കാട്ടിയിട്ടും തൊഴിലാളികൾ പിന്മാറിയില്ല. ഉടമ വിവരം അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് സംഘം പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ചുമട്ടുതൊഴിലാളികൾ പിൻവാങ്ങിയത്. ലോഡ് പൂർണമായും ഇറക്കുന്നത് വരെ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു.