കൊച്ചി: കൊല്ലം ചാത്തന്നൂർ ശ്രീനാരായണ കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയം ഹൈക്കോടതി നിരോധിച്ചു. വിദ്യാർത്ഥികൾ ക്യാമ്പസിൽ രാഷ്ട്രീയ യോഗങ്ങൾ സംഘടിപ്പിക്കുന്നതും അതിൽ പങ്കെടുക്കുന്നതും വിലക്കി. കോളേജ് മാനേജർ വെള്ളാപ്പള്ളി നടേശനും പ്രിൻസിപ്പലും ഫയൽ ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കോടതി അന്തിമമാക്കുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാക്കരുതെന്ന മുൻകാല ഉത്തരവുകളുടെ ചുവടുപിടിച്ചാണ് നിരോധനം. വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ താത്‌പര്യമാകാം. അത് ക്യാമ്പസിന് പുറത്താകണം. സമരങ്ങളും അക്രമങ്ങളും ഉണ്ടാകുമ്പോൾ പൊലീസ് തക്കസമയത്ത് ഇടപെട്ട് നിയന്ത്രിക്കണമെന്നും നിർദ്ദേശമുണ്ട്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ എ.എൻ. രാജൻബാബു, പി. ഗോപാലകൃഷ്ണൻ, എ.ആർ. ഈശ്വർലാൽ എന്നിവർ ഹാജരായി.