കൊല്ലം: ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽ പിടി ഭക്തിസാന്ദ്രമായി. രാവിലെ 11.30 ന് ക്ഷേത്രത്തിനു മുന്നിലെ മൈതാനത്താണ് ചടങ്ങ് നടന്നത്.

തൃക്കടവൂർ ശിവരാജു ഉൾപ്പെടെ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളത്ത് നടന്നു. പൂജകൾക്ക് ശേഷം മറ്റ് രണ്ടു ഗജവീരന്മാരെ മാറ്റിയ ശേഷം തൃക്കടവൂർ ശിവരാജുവിനെ ക്ഷേത്രത്തിന്റെ തെക്കു വശത്തേക്ക് എത്തിച്ചു. തുടർന്ന് നെറ്റിപ്പട്ടവും ചമയങ്ങളും ചങ്ങലകളും അഴിച്ചു മാറ്റി പൂർണ സ്വതന്ത്രനാക്കി ക്ഷേത്രത്തിന് മുന്നിലെത്തിച്ചു. ഭഗവാനെ വന്ദിച്ച് ശിവരാജു ക്ഷേത്ര മൈതാനത്തിലൂടെ പടിഞ്ഞാറേ കാവ് ലക്ഷ്യമാക്കി ഓടി. പിന്നാലെ ശിവ രാജുവിന്റെ വാലിൽ പിടിക്കാനായി കാപ്പ് കെട്ടി വ്രതമെടുത്ത, 6 കരകളെ പ്രതിനിധീകരിച്ച സുബ്രഹ്മമണ്യ ഭക്തർ പാഞ്ഞു. ക്ഷേത്ര മൈതാനത്ത് ഒരുക്കിയ ബാരിക്കേഡിന് ഉള്ളിലൂടെയാണ് ഗജവീരൻ കാവ് ലക്ഷ്യമാക്കി ഓടിയത്. ആനവാൽ പിടി ചടങ്ങിന് പുഷ്പവൃഷ്ടി ഒരുക്കിയിരുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട ബാലസുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് ഉമയനല്ലൂർ ക്ഷേത്രം. സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാല വിനോദങ്ങളെ ആദരപൂർവ്വം അനുസ്മരിപ്പിക്കുന്ന ഒരു അത്യപൂർവ്വ ചടങ്ങായി ഇത് മാറി. ഗണപതിയുടെ കൊമ്പിലും വാലിലും പിടിച്ചു കളിക്കുക ബാലസുബ്രഹ്മമണ്യന്റെ പതിവ് ശീലമായിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങിന്റെ പ്രത്യേകത.