കൊല്ലം: സിനിമ പാട്ടുകളുടെ പാരഡിയായും അല്ലാതെയും തിരഞ്ഞെടുപ്പ് ഗാനങ്ങൾ ചിട്ടപ്പെടുത്തുക ചില്ലറപ്പണിയല്ലെന്ന് പിന്നണിയിലുള്ളവർ അൽപ്പം ഉറക്കെ പറയും. കാരണം, കൊള്ളേണ്ടിടത്ത് കൊള്ളണം. എതിരാളിയുടെ പൊള്ളത്തരങ്ങൾ വരികളിൽ നിറയണം. എങ്കിൽ മാത്രമേ ജനം പാട്ട് ഏറ്റെടുക്കൂ.
പാട്ടെഴുത്ത് മുതൽ റെക്കാർഡിംഗ് വരെ പലതും ശ്രദ്ധിക്കണം. ട്രെൻഡിന് അനുസരിച്ചാണ് സിനിമ ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതും വരികൾ എഴുതിച്ചേർക്കുന്നതും. വരികളെഴുതി ഈണമിട്ട് ഓർക്കസ്ട്രേഷൻ ചെയ്യുന്ന വേറെ ഗാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനുവേണ്ടി ഇത്തവണ പത്ത് ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആറെണ്ണം നേരത്തെ പ്രചാരണത്തിന് ഉപയോഗിച്ചതാണ്. നാലെണ്ണം പുതിയത്. ഇവയെല്ലാം വരികളെഴുതി ഈണമിട്ടവയാണ്.
'നാടിൻ നാവായ് മാറിയ നേരിൻ പാതയിൽ ഉജ്ജ്വല നേതാവ്...', 'എൻ.കെ.പ്രേമചന്ദ്രൻ വരികയായ് വീണ്ടും, പാർലമെന്റിൽ കൊല്ലത്തിന്റെ ശബ്ദമായിടാൻ...' തുടങ്ങിയ പാട്ടുകൾ ഇതിനോടകം ജനശ്രദ്ധയാകർഷിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ പാട്ടുകളും തരംഗമാണ്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറക്കിയ 'കായൽ കടലോടിണയാകണ്, നാടിന് കാവലിനുണ്ട് മുകേഷ്...' എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം. മുകേഷിന്റെ സിനിമയായ ഇൻ ഹരിഹർ നഗറിലെ 'ഉന്നം മറന്ന് തെന്നിപ്പറന്ന' എന്ന ഗാനത്തിന്റെ ഈണത്തിലൊരുക്കിയ പാട്ടും ഹിറ്റാണ്. ഏരിയാ, ലോക്കൽ കമ്മിറ്റികൾ ഇറക്കിയ ഗാനങ്ങളും വേറെയുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥിക്കായുള്ള ഗാനങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ഗായകർ, സംഗീത സംവിധായകർ, ഒർക്കസ്ട്രേഷൻ എന്നിവ അനുസരിച്ച് ചെലവ് വ്യത്യസ്തമായിരിക്കും. കൊല്ലത്തും തിരുവനന്തപുരത്തുമുള്ള സ്റ്റുഡിയോകളിലാണ് റെക്കാർഡിംഗ്.
കരോക്കെ റെക്കാർഡിംഗ് ചെലവ്
₹ 500-1000
(മണിക്കൂറിന്)
ഓർക്കസ്ട്രേഷൻ റെക്കാർഡിംഗ്
₹ 10,000- 15,000