photo
മെറ്റിലുകൾ ഇളകി കുണ്ടും കുഴിയുമായി മാറിയ കെ.എസ്,.ആർ.ടി.സി കരുനാഗപ്പള്ളി ഡിവ്വോയിക്ക് മുന്നിലുള്ള ഗ്രൗണ്ട്.

കരുനാഗപ്പള്ളി: ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ഗ്രൗണ്ട്, മെറ്റിലുകൾ ഇളകി മാറിയിടത്തെല്ലാം അറാം കുഴികൾ, മഴ സീസണിൽ വെള്ളക്കെട്ടാകും. ഇതെല്ലാമാണ് കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി വർക്ക് ഷോപ്പിന് മുന്നിലുള്ള കാഴ്ച്ച. ബസുകൾ നി‌ർത്തുന്ന സ്റ്റാൻഡിന് മുന്നിൽ മാത്രമാണ് ഗ്രൗണ്ട് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന ദീർഘദൂര ബസുകളും ഓർഡിനറി ബസുകളും വർക് ഷോപ്പിന് മുന്നിലുള്ള ഗ്രൗണ്ടിൽ എത്തി തിരിഞ്ഞ ശേഷമാണ് യാത്രക്കാർ നിൽക്കുന്ന സ്റ്റാൻഡിന് മുന്നിൽ കൊണ്ടുവന്ന് നിറുത്തുന്നത്. വർക്‌ഷോപ്പിന് മുന്നിലുള്ള ഗ്രൗണ്ടിലെ കുഴികളിൽ കയറി ഇറങ്ങുന്ന ദീർഘദൂര ബസിലെ യാത്രക്കാരുടെ നടുവൊടിയും. ഓർഡിനറി ബസുകൾ സ്റ്റാൻഡിൽ നിറുത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണ് തകർന്ന് കിടക്കുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യാനായി കൊണ്ടുപോകുന്നത്.

മഴയായാൽ വെള്ളക്കെട്ടിൽ

ഒന്നര പതിറ്റാണ്ടിന് മുമ്പാണ് വർക്‌ഷോപ്പിന് മുന്നിലുള്ള ഗ്രൗണ്ട് കോൺക്രീറ്റ് ചെയ്തത്. ഇതിന് ശേഷം ഒരിക്കൽ പോലും ഗ്രൗണ്ടിൽ കാര്യമായ അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല. മഴക്കാലത്ത് ഗ്രൗണ്ട് പൂർണമായും വെള്ളക്കെട്ടായി മാറും. പലപ്പോഴും മഴക്കാലത്ത് വർക്‌ഷോപ്പിന് അകത്തു പോലും വെള്ളം കയറാറുണ്ട്. മഴ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്തതാണ് ഇതിന് കാരണം. ഡിപ്പോയ്ക്ക് മുൻവശമുള്ള ഗ്രൗണ്ട് പ്രധാന റോഡിൽ നിന്ന് താഴ്ന്ന് കിടക്കുന്നതിനാൽ വെള്ളം ഒഴുകി ഗ്രൗണ്ടിൽ എത്തുന്നു. ഒഴുകി എത്തുന്ന വെള്ളം ഇവിടെ നിന്ന് തന്നെ വറ്റണം. വെള്ളക്കെട്ടുള്ളപ്പോൾ ബസുകൾ വർക്‌ഷോപ്പിലേക്ക് ചെക്കിംഗിന് കൊണ്ടുപോകാൻ കഴിയാതെ ഡ്രൈവർമാർ വലയുകയാണ്.

49 ഓർഡിനറി ബസുകൾ

17 ഫാസ്റ്റ് പാസഞ്ചർ

8 ലക്ഷത്തോളം രൂപ ദിനം പ്രതി വരുമാനം

ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോ

വരുമാനത്തിൽ ജില്ലയിൽ ഒന്നാമത്

വർക്‌ഷോപ്പിന് മുന്നിലുള്ള ഗ്രൗണ്ട് ക്വോറി വേസ്റ്റ് വിരിച്ച് ഉയർത്തി കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. ഇതിനായി കെ.എസ്.ആർ.ടി.സി ഉന്നത അധികാരികൾക്ക് നാട്ടുകാ‌ർ നിരവധി തവണ പരാതി നൽകിയിട്ടുണ്ട്. 49 ഓർഡിനറി ബസ്സുകളും 17 ഫാസ്റ്റ് പാസഞ്ചർ ബസുകളും ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്നു. 8 ലക്ഷത്തോളം രൂപയാണ് ദിനം പ്രതിയുള്ള വരുമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോകളിൽ ഒന്നാണിത്.