അഞ്ചാലുംമൂട്: കടവൂർ ഡിവിഷനിലെ മുരിങ്ങമൂട്, ആണിക്കുളത്ത്ചിറ ഭാഗത്തെ 200ൽ അധികം കുടുംബങ്ങൾ വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ആഴ്ചകളായി പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാണ്.

കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കടവൂരിലെ പമ്പ് ഹൗസിൽ നിന്ന് വെള്ളം എത്തിക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊണ്ടെങ്കിലും ഫലമുണ്ടായി​ട്ടി​ല്ല. നിലവിൽ ദൂരെസ്ഥലങ്ങളിൽ നി​ന്ന് കുടിവെള്ളം ശേഖരിച്ചാണ് വീട്ടുകാർ ഉപയോഗി​ക്കുന്നത്. ഈ വെള്ളം വീട്ടാവശ്യങ്ങൾക്കും ഭക്ഷണം പാകം ചെയ്യാൻ പോലും തി​കയാത്ത അവസ്ഥയാണ്. സമീപത്തെ പനമൂട്, കുപ്പണ എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. മുരിങ്ങമൂട്, ആണിക്കുളത്ത്ചിറ ഭാഗത്തുള്ള വീടുകളിലെ കിണറുകൾ ആഴ്ചകൾക്കു മുമ്പേ വറ്റിവരണ്ടു. അവശരായ രോഗികളും മറ്റുമുള്ള വീടുകളെയാണ് ജലക്ഷാമം ബാധിച്ചിരിക്കുന്നത്.

സ്വകാര്യ ടാങ്കറുകളി​ൽ പത്തി​ക്കുന്ന കുടി​വെള്ളം ഉൾപ്പെടെ ആശ്രയിച്ചാണ് നിലവിൽ ഇവി​ടത്തെ കുടുംബങ്ങൾ ഓരോദിവസവും തള്ളിനീക്കുന്നത്. സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ഇവി​ടെ സ്വകാര്യ കമ്പനികളിൽ നിന്ന് കുടിവെള്ളം വിലയ്ക്ക് വാങ്ങുന്നത് കുടുംബ ബഡ്ജറ്റിനെ ബാധിക്കുന്നുണ്ട്. സ്വകാര്യ കുടിവെള്ളടാങ്കറുകളിൽനിന്ന് വാങ്ങുന്ന വെള്ളത്തിന്റെ ഗുണമേന്മയെക്കുറിച്ചും ആശങ്കയുണ്ട്. സ്വകാര്യ ടാങ്കറുകൾ വെള്ളം ശേഖരിക്കുന്നത് എവിടെ നിന്നാണെന്നോ പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റുകളോ ഒന്നുമുണ്ടാവി​ല്ല.

വറ്റാത്ത ആശങ്ക

വേനൽക്കാലം ഇനി​യും നീളുമെന്നതി​നാൽ വല്ലാത്ത ആശങ്കയിലാണ് പ്രദേശവാസികൾ. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും യാതൊരു നടപടി​കളും അധി​കൃതരുടെ ഭാഗത്തുനി​ന്ന് ഉണ്ടായി​ട്ടി​ല്ല. ഉത്തരവാദപ്പെട്ടവർ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. എത്രയും വേഗം കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .