palam

കൊല്ലം: പൈലോൺ നിർമ്മിക്കാനുള്ള ഷട്ടറുകൾ എത്താതെ പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം വീണ്ടും നടുക്കായലിൽ. ഡിസൈൻ തർക്കത്തെ തുടർന്ന് സ്തംഭിച്ച പാലം നിർമ്മാണം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായെങ്കിലും ആകെയുള്ള 12 പൈൽ ക്യാപ്പുകളിൽ 10 എണ്ണത്തിന്റെ നിർമ്മാണം മാത്രമേ നടന്നിട്ടുള്ളു.

പാലത്തിന്റെ മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകളാണ് ഇനി നിർമ്മിക്കാനുള്ളത്. പാലങ്ങളിൽ സാധാരണ പൈൽ ക്യാപ്പുകൾക്ക് മുകളിൽ നിർമ്മിക്കുന്ന ഗർഡറുകളിലാണ് സ്പാനുകൾ സ്ഥാപിക്കുന്നത്. എന്നാൽ തൂക്കുപാലത്തിന്റെ മാതൃകയിലാണ് പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകൾ സ്ഥാപിക്കുന്നത്.

പൈൽ ക്യാപ്പുകൾക്ക് മുകളിൽ പിയറും പിയർ ക്യാപ്പുകളും അതിന് മുകളിൽ ഗർഡറുകളുമില്ല. പൈൽ ക്യാപ്പുകൾക്ക് മുകളിൽ 26.600 മീറ്റർ ഉയരത്തിൽ രണ്ട് പൈലോണുകൾ നിർമ്മിക്കും. മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകളും ഈ പോലോണുകളിൽ നിന്ന് താഴേക്ക് റോപ്പ് ഉപയോഗിച്ച് തൂക്കിനിറുത്തും. എന്നാൽ പൈലോണുകളുടെ നിർമ്മാണം സങ്കീർണമാണ്.

പൈലോൺ നിർമ്മാണത്തിനുള്ള ഷട്ടറിനായി കരാർ കമ്പിനി ജനുവരിയിൽ തന്നെ ഡൽഹിയിൽ ഓഡർ നൽകിയെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല. ഷട്ടർ എത്തിയാലും മൂന്ന് മീറ്റർ വീതമേ കോൺക്രീറ്റിംഗ് നടക്കുള്ളു. അതുണങ്ങി കുറഞ്ഞത് 25 ദിവസത്തിന് ശേഷമേ അടുത്ത മൂന്ന് മീറ്ററിന്റെ നിർമ്മാണം നടക്കുള്ളു. ഇങ്ങനെ രണ്ട് വശത്തെയും പൈലോണുകൾ പൂർത്തിയാകാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും എടുക്കും. എന്നാൽ പൈലോൺ ഷട്ടറുകൾ പെട്ടെന്നെത്തിച്ച് നിർമ്മാണം വേഗത്തിലാക്കാൻ കാര്യമായ ഇടപടലുകൾ ഉണ്ടാകുന്നില്ല.

പാലം നിർമ്മാണം ആരംഭിച്ചത് - 2020 ഡിസംബറിൽ

ആദ്യ കരാർ കാലാവധി - 1.5 വർഷം

നിർമ്മാണം സ്തംഭിച്ചത് - 2022 ജനുവരിയിൽ

പൂർണമായും സ്തംഭിച്ചത് - 2023 ജനുവരിയിൽ

പുതിയ ഡിസൈൻ കരാർ ധാരണയായത് - 2023 ജൂണിൽ

പാലം നിർമ്മാണം പുനരാരംഭിച്ചത് - 2024 ജനുവരിയിൽ