k
വരണ്ടുണങ്ങിക്കിടക്കുന്ന ഉളിയനാട് കനാൽ

ചാത്തന്നൂർ :ചിറക്കര ഗ്രാമപഞ്ചായത്തിലെ കുളത്തൂർക്കോണം, ചിറക്കര ക്ഷേത്രം, ചിറക്കരത്താഴം, കുഴുപ്പിൽ, മാലാകായൽ, നെടുങ്ങോലം മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികളും കന്നുകാലി കർഷകരും ആശങ്കയിൽ. ഒരു മാസത്തോളമായി ഈ മേഖലകളിൽ വെള്ളം കിട്ടാക്കനിയാണ്. ചാത്തന്നൂർ ജല അതോറിട്ടി ഓഫീസിൽ ജനപ്രതിനിധികളും നാട്ടുകാരും പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല.

ജപ്പാൻ കുടിവെള്ളം ആഴ്ചയിൽ ഒരു ദിവസം പോലും ഇവിടെ കിട്ടില്ല. നെടുങ്ങോലം, ചിറക്കര മേഖലകളിലും പൈപ്പിലൂടെ വെള്ളം കിട്ടിയിട്ട് ആഴ്ചകളായി. ചിറക്കര, ചാത്തന്നൂർ മേഖലകളിൽ രണ്ടുദിവസം കൂടുമ്പോഴാണ് വെള്ളം തുറന്നുവിടുന്നത്. രണ്ടു ദിവസമെങ്കിലും വെള്ളം ലൈനിൽ ഉണ്ടെങ്കിൽ മാത്രമേ ഗുണമുണ്ടാവുകയുള്ളൂ. പക്ഷേ ഒരു ദിവസം ആകുമ്പോൾ വാൽവ് അടയ്ക്കുന്നതിനാൽ വെള്ളം എത്താറില്ല. ചാത്തന്നൂർ, ഉളിയനാട്, ചിറക്കര മേഖലകളിൽ മുൻവർഷങ്ങളിൽ വേനൽക്കാലത്ത് ഉളിയനാട് കനാൽ തുറന്നു വിട്ടിരുന്നു. രണ്ടാഴ്ച മുമ്പ് രണ്ടുദിവസം കനാൽ തുറന്നു വിട്ടിരുന്നു. പക്ഷേ, ചാത്തന്നൂർ മേഖലകളിൽ പലേടത്തും കനാലിൽ മാലിന്യം അടിഞ്ഞുകൂടിയതിനാൽ വെള്ളമൊഴുക്ക് തടസപ്പെട്ടു. കനാൽ കവിഞ്ഞൊഴുകി. മാലിന്യം നീക്കം ചെയ്യാൻ കനാൽ അധികൃതർ തയ്യാറാവുന്നുമില്ല.

കനാൽ വൃത്തിയാക്കാൻ തുക ഉണ്ടെന്നിരിക്കെ പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് നാട്ടു്ാരുടെ പരാതി. നിലവിൽ കനാലിൽ വെള്ളമില്ലാത്ത അവസ്ഥയാണ്. വെള്ളം തുറന്നു വിട്ടാൽ പരിസരത്തുള്ള കിണറുകളിലും വയലുകളിലും തോടുകളിലും വെള്ളമെത്തും. ഈ പ്രദേശങ്ങളിൽ ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കാനുമാകും. പക്ഷേ കനാൽ തുറന്നു വിട്ടത് രണ്ട് ദിവസം മാത്രമാണ്.

കന്നുകാലികളെ കുളിപ്പിക്കാൻ വെള്ളമില്ല

കന്നുകാലികൾ ഏറെയുള്ള മേഖലകളാണ് ചിറക്കര ഒഴുകുപാറ, ഉളിയനാട്, നെടുങ്ങോലം എന്നിവിടങ്ങൾ. പാൽ ഉത്പാദനവും കൂടുതലാണ്. കുടിവെള്ളക്ഷാമം നേരിട്ടതോടെ കന്നുകാലികളെ കുളിപ്പിക്കാനും അവയ്ക്ക് കുടിവെള്ളം നൽകാനും കർഷകർ വളരെ ബുദ്ധിമുട്ടുകയാണ്. പലരും വെള്ളം വിലയ്ക്ക് വാങ്ങിയാണ് കന്നുകാലികളെ വളർത്തുന്നത്. എത്രയും വേഗം ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.