കൊല്ലം: കോൺഗ്രസിന് എം.പിമാരെ സ്‌പോൺസർ ചെയ്യുന്ന ഏജന്റായി മുഖ്യമന്ത്രി മാറിയെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി പത്രസമ്മേളനത്തിൽ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നേറ്റം തടയാൻ ഇടത് - വലത് മുന്നണികൾ അസത്യപ്രചാരണവും കലാപാഹ്വാനവും നടത്തുകയാണ്.
കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തിലെ ഒരാളെയും ബാധിക്കില്ല. മറിച്ചാണെങ്കിൽ തെളിയിക്കാൻ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വെല്ലുവിളിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെ റാക്കുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യം നിറഞ്ഞിരിക്കുന്ന കാഴ്ച കേരളത്തിൽ മാത്രമാണ്.
ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്നത് വസ്തുതയാണ്. ഇത് ചർച്ച ചെയ്യുന്ന ഒരു വിഷയം പ്രമേയമായ സിനിമയ്‌ക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നതും കലാ സൃഷ്ടിയോടുള്ള അസഹിഷ്ണുതയാണ്. കേരളത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും കലാപം സൃഷ്ടിക്കാനുമുള്ള ഗുഢാലോചനയാണ് പാനൂരിലെ ബോംബ് സ്‌ഫോടനത്തിലൂടെ പുറത്തുവന്നത്. ബോംബ് നിർമ്മാണത്തിൽ സി.പി.എം അംഗങ്ങളുടെ പങ്ക് വ്യക്തമായി തെളിഞ്ഞിട്ടും പാർട്ടി ഇക്കാര്യം നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ ലോക്‌സഭ ഇൻചാർജ് കെ.സോമൻ, ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ, മീഡിയ കൺവീനർ പ്രതിലാൽ എന്നിവർ പങ്കെടുത്തു.