പോരുവഴി: പോരുവഴി ഗ്രാമ പഞ്ചായത്തിന്റെയും പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമ പഞ്ചായത്തിന്റെയും അതിർത്തിയിൽ കൂടി കടന്നുപോകുന്ന ഒറ്റ തെങ്ങ് - ഇലവക്കാട്ടുമുക്ക് റോഡ് വർഷങ്ങളായി തകർച്ചയിൽ. രണ്ടു പഞ്ചായത്തുകളും റോഡിന്റെ ശോചനീയവസ്ഥ കണ്ടിട്ടും തിരിഞ്ഞ് നോക്കുന്നില്ല. റോഡിന്റെ ഇരു സൈഡിലുമുള്ള രണ്ടു പഞ്ചായത്തുകളിലെയും കുടുംബങ്ങൾ കാൽ നടയാത്രയ്ക്കും ഇരുചക്ര വാഹന യാത്രയ്ക്കും ബുദ്ധിമുട്ടുകയാണ്. വെള്ളക്കെട്ടിൽ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു വീഴുന്നത് ഇവിടെ പതിവാണ്. മഴയായിക്കഴിഞ്ഞാൽ സൈഡിലുള്ള വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയിൽ താണു കുഴിയായി കിടക്കുകയാണ് റോഡ് .നാട്ടുകാർ രണ്ടു പഞ്ചായത്തിലും മാറി മാറി പരാതി കൊടുത്തിട്ടും ഇതുവരെയും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
കടമ്പനാട് പഞ്ചായത്തിന്റെ ആസ്തി ആയതു കൊണ്ട് പോരുവഴി ഗ്രാമ പഞ്ചായത്തിലെ വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കാൻ പറ്റാത്തതുകൊണ്ട് ഈ റോഡിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല. കടമ്പനാട് പഞ്ചായത്തുമായും അടൂർ എം .എൽ. എ യുമായും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്.
ശ്രീതാ സുനിൽ,
പോരുവഴി ഗ്രാമ പഞ്ചായത്ത്
7ാം വാർഡ് മെമ്പർ
പഞ്ചായത്തുകളിൽ നിരന്തരം പരാതി പറഞ്ഞ് പരിഹാരമില്ലാത്തതിനാൽ കഴിഞ്ഞ ഡിസംബറിലെ നവകേരള സദസിൽ ഞാൻ പരാതി കൊടുത്തു. ജില്ലാ അധികാരികൾ പോരുവഴി ഗ്രാമ പഞ്ചായത്തിലേക്ക് പരാതി ഫോർവേർഡ് ചെയ്തു. അവിടെ നിന്ന് ലഭിച്ച മറുപടിയിൽ ഈ റോഡ് കടമ്പനാട് പഞ്ചായത്തിന്റെ ആസ്തിയിൽ പെടുന്നതാണെന്നും മാറ്റം വരുത്തുന്നതിന് സാധിക്കുകയുമില്ലെന്നും അറിഞ്ഞു.
കെ. സാംബശിവൻ
കൊച്ചുതുണ്ടിൽ വീട്
പൊതു പ്രവർത്തകൻ
രണ്ടു പഞ്ചായത്തുകളും അങ്ങോട്ടുമിങ്ങോട്ടും പിണങ്ങി ഇതുവരെയും ഈ റോഡു നന്നാക്കാതെ ഞങ്ങൾക്കു നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്. ഇപ്പോഴാണ് ഈ റോഡ് കടമ്പനാട് ഗ്രാമ പഞ്ചായത്തിലാണ് എന്നുള്ള ഒരു രേഖ കിട്ടിയത്. ഇനിയും ഇതിന് പരിഹാരം കാണുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരണമുൾപ്പെടെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും
അജി
അജിഭവനം
പ്രദേശവാസി
പടം: പോരുവഴി - കടമ്പനാട് അതിർത്തിയിലുള്ള ഒറ്റതെങ്ങ് - ഇലവക്കാട് റോഡ് കഴിഞ്ഞ ദിവസത്തെ വേനൽ മഴയിൽ വെള്ളം കെട്ടി നിന്ന് ജനങ്ങൾക്ക് നടക്കാൻ പറ്റാത്ത അവസ്തയിൽ