കൊല്ലം: പ്രായത്തിന്റെ അവശത തടസമായില്ല, ചൂട് വകവയ്ക്കാതെ രാവിലെ മുതൽ കാത്തുനിന്നു, പ്രിയപ്പെട്ട സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ വരവിനായി. അനൗൺസ്‌മെന്റ് വാഹനം കമ്പിക്കകത്ത് എത്തിയപ്പോൾ മറ്രുള്ളവർക്കൊപ്പം മുൻനിരയിൽ ശാന്തയും ഇടം പിടിച്ചു.

തനിക്ക് അരികിലേക്ക് ഓടിയെത്തിയ അമ്മയെ സ്ഥാനാർത്ഥി ചേർത്തുനിറുത്തി. അമ്മയുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു. മകന്റെ സമ്മാനമായി തനിക്ക് കിട്ടിയ തോർത്ത് ശാന്തയ്ക്ക് നൽകി. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന എൺപതുകാരിയായ ശാന്ത പഴയ പാർട്ടി പ്രവർത്തകയാണ്. അന്നും ഇന്നും എന്നും ആർ.എസ്.പിക്കൊപ്പം. ചെറുപ്പത്തിൽ തീപ്പെട്ടി കമ്പനിയിൽ ജോലിക്ക് പോയ സമയത്ത് പാർട്ടിക്കുവേണ്ടി മുദ്രാവാക്യം വിളിക്കാനും മറ്റും തിരുവനന്തപുരത്ത് പോയ ഓർമ്മകളും ശാന്ത പങ്കുവച്ചു. കാണാമെന്ന് ഉറപ്പു നൽകിയയാണ് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് സ്ഥാനാർത്ഥി പോയത്.

ഇന്നലെ രാവിലെ എട്ടരയോടെ മൂന്നാംകുറ്റി മഠത്തിൽ മുക്കിലായിരുന്നു കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ ആദ്യ സ്വീകരണം. ചെണ്ടമേളവും അനൗൺസ്മെന്റ് വാഹനവും ഇരുചക്രവാഹനങ്ങളും സ്ഥാനാർത്ഥിക്ക് അകമ്പടി സേവിച്ചു. ഷാളുകൾ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് നാട്ടുകാർ പ്രേമചന്ദ്രനെ വരവേറ്റത്. രാവിലെ മുതൽ സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാത്തുനിന്നു.

അധികം വൈകാതെ അവർക്കരികിലേക്ക് സ്ഥാനാർത്ഥിയെത്തി‌. ചൂടിന്റെ തളർച്ചയില്ലാതെ ഒന്ന് വിശ്രമിക്കാൻ കൂട്ടാക്കാതെയായിരുന്നു പര്യടനം.നിറചിരിയോടെ കൈ വീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്ത ശേഷം സ്ഥിരം ശൈലിയിൽ അഞ്ചുമിനിട്ട് പ്രസംഗം. വെയിലത്തും ചിരി മങ്ങാതെ തന്നെ കാത്തുനിന്ന ജനങ്ങൾക്ക് സ്ഥാനാർത്ഥി മനസുനിറഞ്ഞ് നന്ദി പറഞ്ഞു. നിശ്ചയിച്ച സമയങ്ങളിൽ ആരംഭിച്ചും അവസാനിപ്പിച്ചുമായിരുന്നു സ്വീകരണ-പര്യടന പരിപാടി.

എതിർ സ്ഥാനാർത്ഥികളെ ആക്ഷേപിക്കാതെ വികസനവും വസ്തുതകളും പറഞ്ഞായിരുന്നു പര്യടനം. ഉച്ചയ്ക്ക് അല്പനേരം വിശ്രമം. തുടർന്ന് വീണ്ടും സ്വീകരണ പരിപാടികളിൽ സജീവം. ഇടയ്ക്ക് കരിക്കും വെള്ളവും കുടിച്ച് ദാഹമകറ്റി. വോട്ട് അഭ്യർത്ഥനയോടൊപ്പം നാട്ടുകാരുടെ ക്ഷേമവും ആവശ്യങ്ങളും അന്വേഷിച്ചറിഞ്ഞു. പഴയ വോട്ടർമാരെ നേരിട്ട് കണ്ട് പരിചയം പുതുക്കി. ഒപ്പം പുതിയ വോട്ടമാരെ കാണാനും മറന്നില്ല. തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു.

പ്രസംഗം ആരംഭിച്ചപ്പോഴേക്കും ദൂരത്ത് നിന്നവരെല്ലാം വാഹനത്തിനടുത്തേക്ക് എത്തി. ഇടയ്ക്കിടയ്ക്ക് വാഹനത്തിൽ നിന്നിറങ്ങിയായി പ്രസംഗവും വോട്ട് തേടലും. മങ്ങാട് മേഖലകളിൽ നിന്നാരംഭിച്ച പര്യടനം ആശ്രാമം -കടപ്പാക്കട മേഖലയിലൂടെ അഞ്ചാലൂംമൂട് വെട്ടുവിള ജയന്തി കോളനിയിലാണ് സമാപിച്ചത്.

ഒരു സ്വീകരണ കേന്ദ്രത്തിൽ നിന്ന് അടുത്ത കേന്ദ്രത്തിലേക്ക് കടക്കുമ്പോൾ സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും ആവേശം കൂടി. വികസനനായകൻ... കൊല്ലത്തിന്റെ സ്വന്തം പ്രേമചന്ദ്രൻ... ലോക്‌സഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി... ഇതാ ഈ വാഹനത്തിന് പിന്നാലെ തുറന്ന വാഹനത്തിൽ കടന്നുവരുന്നു... അനൗൺസ്മെന്റ് വാഹനം അടുത്ത സ്വീകരണ വേദിയിലേക്ക് വികസനത്തിന് ഒരു വോട്ട് തേടി യാത്ര തുടർന്നു...