vathsya

 വീട്ടിലെത്തിയ നായ പെറ്റത് മൂന്ന് തവണ

കൊല്ലം: തങ്കശേരിക്കാരൻ വാത്സ്യായനൻ, ഒന്നര വർഷം മുമ്പ് രാവി​ലെ നടക്കാനിറങ്ങിയപ്പോൾ വഴിയരികിൽ ഒരു പെൺ നായയെ കണ്ടു. കഴുത്തിൽ ബെൽറ്റൊക്കെയുള്ള സുന്ദരി. തിരിച്ചു നടക്കവേ, തങ്കശേരി ചെറുകുളത്തിന് സമീപം വാത്സ്യായനൻ ഒറ്റയ്ക്ക് താമസി​ക്കുന്ന ബാബു നിവാസിലേക്ക് അവളുമെത്തി​. പക്ഷേ, അതൊരു വലി​യ തലവേദനയുടെ തുടക്കമാണെന്ന് അദ്ദേഹമോർത്തി​ല്ല.

പലരോടും അന്വേഷിച്ച് ഉടമയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീടിന്റെ ടെറസിൽ താമസമാക്കിയ നായ ഇതിനിടയിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അമ്മയും കുഞ്ഞുങ്ങളും തമ്മിൽ ബഹളം പതിവായതോടെ അയൽവാസികൾക്ക് കി​ടക്കപ്പൊറുതി​ ഇല്ലാതായി​. ഇതോടെ വാത്സ്യായനൻ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വിവരമറിയിച്ചു. അവിടെ നിന്ന് കിട്ടിയ വിലാസത്തിൽ സന്നദ്ധ സംഘടനയെ ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തത്കാലം നായ്ക്കകളെ ഏറ്റെടുക്കാനാകില്ലെന്ന് പറഞ്ഞു. മാസങ്ങൾ പിന്നിട്ടതോടെ നായ വീണ്ടും അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ചു. അതിൽ ഒന്നി​ന്റെ കാലിന് ശേഷിക്കുറവുണ്ടായി​രുന്നു. നായ്ക്കുഞ്ഞുങ്ങളെ ഏറ്റെടുക്കാനായി ഒരു ആരാധനാലയത്തെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ല. ഇതോടെ രണ്ടാമത്തെ പ്രസവത്തിലെ നാല് കുഞ്ഞുങ്ങളെ വാത്സ്യായനൻ തെരുവിൽ ഉപേക്ഷിച്ചു.

മാസങ്ങൾക്ക് ശേഷം മൂന്നാമത്തെ പ്രസവം!. പക്ഷെ ഇരുപതാം ദിവസം അമ്മ മരിച്ചു. ഇതിലെ ഒരു കുഞ്ഞ് ചലനശേഷി ഇല്ലാത്തതാണ്. അതിനെ വാത്സ്യായനൻ വീട്ടിനുള്ളിലാണ് വളർത്തുന്നത്. ആദ്യ പ്രസവത്തിലെ ചില കുഞ്ഞുങ്ങൾ സ്വയം സ്ഥലം വിട്ടുപോയി. പക്ഷെ മൂന്നാമത്തെ പ്രസവത്തിലേതടക്കം ആറ് നായ്ക്കൾ വീടിന്റെ ടെറസിലാണ് താമസം. ഇവയുടെ രാപ്പകൽ ബഹളം കാരണം വാത്സ്യായനനും അയൽവാസികൾക്കും ഉറങ്ങാനാകുന്നില്ല. വിസർജ്ജ്യം ടെറസിന് മുകളിൽ കെട്ടിക്കിടന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം അയൽവാസികൾക്ക് വാതിലും ജനലും തുറക്കാനാകാത്ത അവസ്ഥയാണ്. ടെറസിന് മുകളിൽ തമ്പടിച്ചിരിക്കുന്ന നായ്ക്കളെ ഭയന്ന് പലരും വാത്സ്യായനന്റെ വീട്ടിലേക്ക് വരാനും മടിക്കുകയാണ്. ഏതെങ്കിലും മൃഗസ്നേഹികൾ ഈ നായ്ക്കകളെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് വാത്സ്യായനന്റെയും അയൽവാസികളുടെയും അഭ്യർത്ഥന.